ന്യൂഡൽഹി :- ഡിജിറ്റൽ സൗകര്യവും സ്വകാര്യതയും ഉറപ്പാക്കുന്ന നൂതന ചുവടുവയ്പ്പുമായി കേന്ദ്ര സർക്കാർ. പുതിയ ആധാർ ആപ്പ് ഇന്നലെ പുറത്തിറക്കി. ഫേസ് ഐഡിയും ക്യുആർ കോഡ് സംവിധാനവും ഉൾപ്പെടുത്തി രൂപകൽപ്പന ചെയ്‌ത ഈ ആപ്പ്, ആധാർ കാർഡുകളോ ഫോട്ടോകോപ്പികളോ കൈവശം വയ്ക്കേണ്ട ആവശ്യകത ഇല്ലാതാക്കും. കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
ആധാർ പരിശോധന ഇനി എളുപ്പം
യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുമായി (യുഐഡിഎഐ) സഹകരിച്ച് വികസിപ്പിച്ച ഈ ആപ്പ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ സഹായത്തോടെ തത്സമയ ഫേസ് ഐഡി തിരിച്ചറിയൽ സാധ്യമാക്കുന്നു. പുതിയ ആധാർ ആപ്പ് മൊബൈൽ വഴി ഫേസ് ഐഡി തിരിച്ചറിയാൻ സഹായിക്കുന്നു. ഇനി ഫിസിക്കൽ കാർഡുകളോ ഫോട്ടോകോപ്പികളോ ആവശ്യമില്ല, എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ Xൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കി.
സ്വകാര്യതയ്ക്ക് മുൻതൂക്കം
ആപ്പിന്റെ പ്രധാന സവിശേഷതകളിലൊന്ന് ഉപയോക്താക്കൾക്ക് അവരുടെ വിവരങ്ങളിൽ പൂർണ നിയന്ത്രണം നൽകുന്നതാണ്. ഒരു ടാപ്പിലൂടെ ആവശ്യമായ ഡാറ്റ മാത്രം പങ്കിടാൻ കഴിയും. ഇത് സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നു. ക്യുആർ കോഡ് സ്കാൻ ചെയ്തോ ആപ്ലിക്കേഷൻ ഉപയോഗിച്ചോ ആധാർ വിശദാംശങ്ങൾ പരിശോധിക്കാനുംപങ്കിടാനും ഈ ആപ്പ് സൗകര്യമൊരുക്കുന്നു.
ആധാർ വെരിഫിക്കേഷൻ ഇനി യുപിഐ പേയ്മെന്റ് പോലെ എളുപ്പമാകും. യാത്രയ്ക്കിടയിലോ, ഹോട്ടൽ ചെക്ക്-ഇന്നുകൾക്കിടയിലോ, ഷോപ്പിംഗിനിടയിലോ ആധാർ കാർഡിന്റെ ഫോട്ടോകോപ്പി പകർപ്പുകൾ കൈമാറേണ്ട ആവശ്യം ഇനി വേണ്ട. 100 ശതമാനം ഡിജിറ്റലും സുരക്ഷിതവുമായ ഈ ആപ്പ്, ഉപയോക്താവിന്റെ സമ്മതത്തോടെ മാത്രമേ വിവരങ്ങൾ പങ്കിടാൻ അനുവദിക്കൂ.
പുതിയ ആധാർ ആപ്പ് നിലവിൽ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും എഐയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഇന്ത്യയുടെ ഡിജിറ്റൽ ഭാവി രൂപപ്പെടുത്തുന്നതിൽ ഈ ആപ്പ് നിർണായക പങ്ക് വഹിക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു.
വ്യാജമായോ ദുരുപയോഗം ചെയ്യപ്പെടുന്നതോ ആയ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ നവീകരണത്തിന്റെ ഭാഗമായി, ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ പസേവനം എത്തിക്കുകയാണ് പുതിയ ആധാർ ആപ്പിന്റെ ലക്ഷ്യം.