തിരുവനന്തപുരം :- ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിലുൾപ്പെട്ടവരുടെ കണക്കെടുപ്പ് പോലീസ് നടത്തുന്നു. 21 വയസ്സിന് താഴെയുള്ളവരുടെ കണക്കാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ എടുക്കുന്നത്. ഇവരുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ചികിത്സയോ കൗൺസിലിങ്ങോ ഉൾപ്പെടെ ആവശ്യമെങ്കിൽ നൽകാനായാണ് കണക്കെടുപ്പ്.
ഓരോ സ്റ്റേഷനിലെയും ജനമൈത്രി പോലീസിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണിത്. ഡി ഹണ്ട് പദ്ധതിയുടെ ഭാഗമായാണിത്. കഴിഞ്ഞ ഒരു വർഷം എൻഡിപിസി നിയമം 27 ബി പ്രകാരം കേസെടുത്തിട്ടുള്ളവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. ഇതിൽ ഉൾപ്പെട്ടവരെയോ മാതാപിതാക്കളെയോ നേരിട്ടു കണ്ട് ഇവർ ഇപ്പോൾ ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നുണ്ടോ, ലഹരിക്ക് അടിമയാണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്.