ഓൺലൈൻ തട്ടിപ്പിലൂടെ പണം തട്ടി: രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ

 


കൊച്ചി:- ഓൺലൈൻ തട്ടിപ്പിലൂടെ 46 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് സിനിമാ പ്രവർത്തകർ പിടിയിൽ. എറണാകുളം പെരിങ്ങാല സ്വദേശി അസോസിയേറ്റ് ഡയറക്ടർ ശ്രീദേവ്, കണ്ണാടിപറമ്പ് സ്വദേശി കോസ്റ്റ്യൂമർ മുഹമ്മദ് റാഫി എന്നിവരാണ് മട്ടാഞ്ചേരി പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസമാണ് കേസിന് ആസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിയായ യുവാവിന് വാട്ട്സ് ആപ്പിലുടെ ലിങ്ക് അയച്ച് കൊടുത്തായിരുന്നു തട്ടിപ്പ്.

ലിങ്ക് വഴി ലോഗിൻ ചെയ്ത ശേഷം പണം നിക്ഷേപിച്ച് റേറ്റിംഗ് നൽകിയാൽ കൂടുതൽ ലാഭം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. തുടർന്ന് പല തവണകളായി 46 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

തട്ടിപ്പിലുടെ കൈക്കലാക്കിയ പണം മുഹമ്മദ് റാഫി ശ്രീദേവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും, ശ്രീദേവ് പണം മറ്റൊരാൾക്ക് കൈമാറിയതായും പൊലീസ് കണ്ടെത്തി. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിന്റെ ഭാഗമാണെന്നാണ് പൊലീസിൻ്റെ നിഗമനം.

Previous Post Next Post