കണ്ണൂർ :- കണ്ണൂരില്‍ കോടതി സീൽ ചെയ്ത കടയുടെ ചില്ലുകൂട്ടിൽ അങ്ങാടിക്കുരുവി കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് കണ്ണൂർ ജില്ലാ കളക്ടർ. അടിയന്തരമായി കട തുറന്ന് കുരുവിയെ മോചിപ്പിക്കാന്‍ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നല്‍കി. കോടതി ഉത്തരവിനെ തുടർന്ന് പൂട്ടി സീൽ ചെയ്ത ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിൽ രണ്ട് ദിവസമായി ഒരു അങ്ങാടിക്കുരുവി കുടുങ്ങിയിരിക്കുകയാണ്.
വ്യാപാരികൾ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെ തുടര്‍ന്ന് ആറ് മാസം മുമ്പാണ് കട പൂട്ടി സീൽ ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് കടയുടെ മുൻവശത്തെ ചില്ലുകൂടിന് മുകളിലെ ചെറിയ വിടവിലൂടെ അകത്തുകയറിപ്പോയതാണ് അങ്ങാടിക്കുരുവി. ചില്ലുകൂടിനും ഇരുമ്പ് ഷട്ടറിനുമിടയിൽ കുടുങ്ങിപ്പോയി. തിരിച്ചുപറക്കാനാവാതെ കുടുങ്ങിപ്പോയി. ചില്ലിനിടയിൽ ചിലച്ചുകൊണ്ടിരിക്കെ നാട്ടുകാരാണ് കുരുവിയെ ശ്രദ്ധിച്ചത്. തനിയെ പുറത്തിറങ്ങിപ്പോകുമോ എന്ന് നോക്കി. പക്ഷേ നടന്നില്ല. കേസിൽപ്പെട്ട കട മുറി പൂട്ടുതുറന്ന് രക്ഷിക്കാൻ കഴിയാതെ നിസ്സഹായരായിരുന്നു ഫയർ ഫോഴ്സും നാട്ടുകാരും. ജില്ലാ കളക്ടറുടെ ഇടപെട്ടതോടെ ഇന്ന് തന്നെ കുരുവിയെ രക്ഷിക്കാനാകും.