ഇംഫാല്‍ :- കുറഞ്ഞത് 10 ഇന്ത്യന്‍ കൃത്രിമ ഉപഗ്രഹങ്ങളെങ്കിലും രാജ്യ സുരക്ഷയ്ക്കായി 24 മണിക്കൂറും കണ്‍തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇവയുടെ പ്രവര്‍ത്തനം അനിവാര്യമാണെന്ന് അദേഹം വിശദീകരിച്ചു. ഇംഫാലില്‍ കേന്ദ്ര അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയുടെ അഞ്ചാം കോണ്‍വൊക്കേഷനില്‍ സംസാരിക്കുകയായിരുന്നു ഇസ്രൊ ചെയര്‍മാന്‍.
അതിര്‍ത്തിയിലെ പാക് പ്രകോപനം വീണ്ടും ചര്‍ച്ചയായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഇന്ത്യന്‍ സുരക്ഷയ്ക്ക് സാറ്റ്‌ലൈറ്റുകള്‍ക്കുള്ള പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞത്. 'രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി തന്ത്രപരമായ ആവശ്യത്തിന് കുറഞ്ഞത് 10 സാറ്റ്‌ലൈറ്റുകളെങ്കിലും സദാസമയം പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ അയല്‍ക്കാരെ കുറിച്ച് നമുക്കറിയാം. നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ കൃത്രിമ ഉപഗ്രഹങ്ങളുടെ സേവനം ഉറപ്പാക്കിയേതീരൂ. നാം നമ്മുടെ 7000 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരം നിരീക്ഷിക്കണം, വടക്കേ അതിര്‍ത്തി പൂര്‍ണമായും നിരീക്ഷണം. സാറ്റ്‌ലൈറ്റുകളും ഡ്രോണ്‍ സാങ്കേതികവിദ്യകളുമില്ലാതെ അത് സാധ്യമല്ല'- എന്നും ഐഎസ്ആര്‍ഒ തലവന്‍ ഡോ. വി നാരായണന്‍ കൂട്ടിച്ചേര്‍ത്തു.
ഓപ്പറേഷന്‍ സിന്ദൂര്‍
കശ്‌മീരിലെ പഹല്‍ഗാമില്‍ ഭീകരര്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിനുള്ള മറുപടിയായി ഇന്ത്യ പാകിസ്ഥാനിലെയും പാക് അധീന കശ്‌മീരിലെയും 9 ഭീകര താവളങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്തിരുന്നു. ജയ്ഷെ, ലഷ്കർ, ഹിസ്‌ബുള്‍ താവളങ്ങളെ പ്രത്യേകം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ഒട്ടേറെ ഭീകരരെ വധിക്കുകയും ചെയ്തു. ഇതിന് ശേഷം കനത്ത ഡ്രോണ്‍, ഷെല്‍ ആക്രമണമാണ് അതിര്‍ത്തിയിലും, വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കും ജനവാസ മേഖലയിലേക്കും പാകിസ്ഥാന്‍ സൈന്യം അഴിച്ചുവിട്ടത്. ഇതിന് അതിശക്തമായ തിരിച്ചടി ഇന്ത്യ നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.
എന്നാല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ജമ്മുവിലടക്കം ഡ്രോണ്‍ ആക്രമണം നടത്തി പാകിസ്ഥാന്‍ വാക്ക് തെറ്റിച്ചിരുന്നു. ഈ ശ്രമവും ഇന്ത്യ തരിപ്പിണമാക്കിയതോടെ പാകിസ്ഥാന്‍ ആക്രമണത്തില്‍ നിന്ന് പിന്‍വലിഞ്ഞു. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷമുള്ള രണ്ടാമത്തെ രാത്രിയായ ഇന്നലെ അതിര്‍ത്തി പൊതുവെ ശാന്തമായിരുന്നു. ഡ്രോണുകള്‍ അയച്ചുള്ള പാക് പ്രകോപനം സ്ഥിരീകരിച്ചിട്ടില്ല. ജമ്മു കശ്‌മീരിലെയും പഞ്ചാബിലെയും രാജസ്ഥാനിലെയും അതിര്‍ത്തി ഗ്രാമങ്ങളിലും നഗരങ്ങളിലും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്.