ദില്ലി :- ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിന് പിന്നാലെ പാകിസ്ഥാൻ അതിര്‍ത്തി മേഖലയില്‍ നടത്തിയ ആക്രമണശ്രമത്തിന്‍റെ പശ്ചാത്തലത്തിൽ അടച്ചിട്ട രാജ്യത്തെ വിമാനത്താവളങ്ങള്‍ തുറക്കുന്നു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങള്‍ തുറക്കാനുള്ള സുപ്രധാന തീരുമാനമാണ് എയര്‍പോര്‍ട്ട് അതോറ്റിറ്റി ഓഫ് ഇന്ത്യ (എഎഐ) എടുത്തത്. ഉടൻ തന്നെ വിമാനത്താവളങ്ങള്‍ തുറക്കും.
തീരുമാനം വന്നതിന് പിന്നാലെ ചണ്ഡിഗഢ് വിമാനത്താവളം തുറന്നു. വിമാനത്താവളങ്ങള്‍ തുറന്ന് വാണിജ്യ വിമാന സര്‍വീസുകള്‍ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് അറിയിപ്പ്. മൂന്നു ദിവസത്തിനുശേഷമാണ് വിമാനത്താവളങ്ങള്‍ തുറക്കുന്നത്. മെയ് 15വരെ വിമാനത്താവളങ്ങള്‍ അടച്ചിടാൻ തീരുമാനിച്ചിരുന്നതെങ്കിലും വെടിനിര്‍ത്തൽ കരാര്‍ വന്നശേഷം അതിര്‍ത്തി ശാന്തമായതോടെയാണ് പെട്ടെന്ന് തുറക്കാനുള്ള തീരുമാനമെടുത്തത്.
വിമാനത്താവളങ്ങള്‍ തുറക്കാനുള്ള നിര്‍ദേശവും പുറത്തിറക്കിയിട്ടുണ്ട്. അമൃത്സര്‍, അധംപുര്‍, അംബാല, അവന്തിപ്പോര, ബന്ദിന്ദ, ഭുജ്, ബിക്കാനീര്‍, കുളു മണാലി, ലെ, ലുധിയാന,പത്താൻകോട്ട്, ഷിംല, ശ്രീനഗര്‍ തുടങ്ങിയ 32 വിമാനത്താവളങ്ങളാണ് അടിയന്തരമായി തുറന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത്.