നാലുമാസത്തിനിടെ പേവിഷ ബാധയേറ്റ് മരണപ്പെട്ടത് 4 കുട്ടികൾ ഉൾപ്പടെ 14 പേർ ; സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്


തിരുവനന്തപുരം :- സംസ്ഥാനത്ത് തുടരെത്തുടരെയുണ്ടാകുന്ന പേവിഷ മരണങ്ങളിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങി ആരോഗ്യവകുപ്പ്. പുറത്തുനിന്നുള്ള വിദഗ്ധരെയടക്കം ഉൾപ്പെടുത്തി ഓരോ കേസുകളും പ്രത്യേകം പരിശോധിക്കാനാണ് ആലോചന. തെരുവുനായ ശല്യത്തിൽ അടിയന്തര നടപടികൾ സ്വീകരണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെടും. കൊല്ലം സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. നാല് കുട്ടികളുൾപ്പടെ നാല് മാസത്തിനുള്ളിൽ 14 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. 

ഓരോ മരണങ്ങളിലും, പ്രത്യേകിച്ച് കുട്ടികളുടെ മരണങ്ങളിൽ സമഗ്ര പരിശോധന നടത്താനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്. ഇതിൽ പുറത്തുനിന്നുള്ള വിദഗ്ധരുടെ സഹായം തേടാനും ആലോചനയുണ്ട്. അതേസമയം പേവിഷ ബാധയ്ക്കുള്ള വാക്സിനിലോ, വാക്സിനേഷൻ പ്രക്രിയയിലോ ഒരു സംശയവും വേണ്ടെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ച് വ്യക്തമാക്കുന്നു. എന്നാൽ പേവിഷ മരണസംഖ്യ കേരളത്തിൽ കുറവെന്ന് പറയുമ്പോഴും അടിയന്തര ശ്രദ്ധ വേണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. 

പേവിഷ പ്രതിരോധത്തിന് സംസ്ഥാനത്തെ എബിസി കേന്ദ്രങ്ങൾ 22 ൽ നിന്ന് 35ലേക്ക് ഉടൻ ഉയർത്തുമെന്നാണ് വകുപ്പുകൾ വിശദീകരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് പുതിയ എബിസി കേന്ദ്രങ്ങൾ തുറക്കുന്നതിന് 2023ലെ കേന്ദ്ര അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പടെയുള്ള നിലവിലുള്ള നിയമ വ്യവസ്ഥകള്‍ തടസ്സമാകുന്നുവെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരിക്കുന്നത്. സിസിടിവി, ഇൻസിനറേറ്റർ തുടങ്ങി സംവിധാനങ്ങൾ അടിസ്ഥാന എബിസി കേന്ദ്രങ്ങളിൽ വേണം. 2000 എബിസി സർജറികൾ ചെയ്തിട്ടുള്ള ഡോക്ടർമാരെയായിരിക്കണം നിയോഗിക്കേണ്ടത്. ഇതെല്ലാമാണ് പ്രായോഗിക തടസ്സങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കുടുംബശ്രീ മുഖേനയുള്ള എബിസി പ്രവര്‍ത്തനങ്ങള്‍ നിർത്തിവച്ചതും തിരിച്ചടിയാണ്. ആവശ്യത്തിന് ഡോഗ് ക്യാച്ചർമാരുമില്ല. തദ്ദേശ സ്വയംഭരണ വകുപ്പും, മൃഗ സംരക്ഷണ വകുപ്പും ചേർന്നാണ് എബിസി പദ്ധതി നടപ്പാക്കുന്നത്. 

വാക്‌സീനെടുത്തിട്ടും പേവിഷ ബാധയേൽക്കുന്നത് ആവർത്തിക്കുന്നതിൽ ആശങ്കയിലാണ് ജനം. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണെന്നതും ആശങ്കയുയർത്തുന്നു. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസൽ എന്ന ഏഴ് വയസുകാരി, പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസുമാണ് (6) പേവിഷ ബാധയേറ്റ് ഒരുമാസത്തിനുള്ളിൽ മരിച്ചവർ. 

സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേരായി മരണ സംഖ്യ ഉയർന്നു. 2023 ല്‍ 25 പേർ. 2024 ൽ 26 പേർ. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് മരിച്ചത്. ഇതി. ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്. 

 

Previous Post Next Post