അതിഥി തൊഴിലാളികളുടെ മക്കൾക്കും വിദ്യാഭ്യാസം ഉറപ്പാക്കും ; 'ജ്യോതി' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


തിരുവനന്തപുരം :- അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കേരള സർക്കാർ. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപം നൽകിയ പുതിയ പദ്ധതിയായ 'ജ്യോതി' ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. നിലവിൽ വിവിധ തൊഴിൽ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ വീഡിയോ മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'കേരളത്തിന്റെ അവിഭാജ്യ ഘടകമാണ് അതിഥി തൊഴിലാളികൾ. നിലവിൽ വിവിധ തൊഴിൽ മേഖലകളിലായി 35 ലക്ഷം അതിഥി തൊഴിലാളികൾ സംസ്ഥാനത്തുണ്ട്. ഇവരിൽ പലരും കുടുംബങ്ങളായാണ് കഴിയുന്നത്. എല്ലാവർക്കും നിർബന്ധിതവും സൗജന്യവുമായ പൊതുവിദ്യാഭ്യാസം എന്ന ലക്ഷ്യം വർഷങ്ങൾക്കു മുൻപേ നേടിയ നമ്മുടെ നാട്ടിൽ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ കൂടി വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നത് സർക്കാരിന്റെ ചുമതലയാണ്.

ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ രൂപം നൽകിയ പുതിയ പദ്ധതിയായ 'ജ്യോതി' ഇന്ന് ഉദ്ഘാടനം ചെയ്തു. അതിഥി തൊഴിലാളികളുടെ മക്കളിൽ 3 വയസ്സു മുതൽ 6 വയസ്സുവരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിൽ എത്തിക്കുക, 6 വയസ്സ് പൂർത്തിയായവരെ പൂർണ്ണമായും സ്കൂളുകളിൽ എത്തിക്കുക, സാംസ്കാരിക-വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. കേരളത്തിന്റെ വളർച്ചയിൽ തങ്ങളുടെ അദ്ധ്വാനത്തിലൂടെ ഊർജ്ജം പകരുന്ന അതിഥി തൊഴിലാളികളുടെ ക്ഷേമവും ഉന്നമനവും ഉറപ്പു വരുത്തുന്നതിനു ഈ പദ്ധതി സഹായകമാകും.'- മുഖ്യമന്ത്രി 

Previous Post Next Post