ഓപ്പറേഷൻ സിന്ദൂറിനെതിരെ പാകിസ്ഥാന്റെ ഓപ്പറേഷൻ 'ബുന്യാനുൽ മർസൂസ്' ; ഇന്ത്യയ്‌ക്കെതിരെയുള്ള ആക്രമണത്തിന് പേര് നൽകി പാക്കിസ്ഥാൻ


ഇസ്ലാമാബാദ് :- ഇന്ത്യക്കെതിരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ അവകാശവാദം. ഓപ്പറേഷൻ 'ബുന്യാനുൽ മർസൂസ്' എന്നാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ ആക്രമണത്തിന് പേരിട്ടിരിക്കുന്നതെന്ന് റേഡിയോ പാകിസ്ഥാൻ അറിയിച്ചു. ശക്തമായ കോട്ട എന്ന അർത്ഥം വരുന്ന അറബി വാക്കാണിത്. പാകിസ്ഥാനിലെ മുന്ന് സൈനിക വ്യോമ താവളങ്ങൾക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ ആക്രമണം തുടങ്ങിയെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ആക്രമണ ശ്രമങ്ങൾക്കെല്ലാം ഇന്ത്യയിൽ നിന്ന് ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യയിലേക്ക് നേരത്തെ നിരീക്ഷണ ഡ്രോണുകളാണ് പാകിസ്ഥാൻ അയച്ചിരുന്നതെങ്കിൽ കഴിഞ്ഞ ദിവസം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച ആക്രമണ ഡ്രോണുകൾ തന്നെ ഉപയോഗിച്ചു. ഇതിന് പുറമെ മിസൈലുകളും ഇന്ത്യയിലേക്ക് വിക്ഷേപിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാകിസ്ഥാന്റെ ഫത്തഹ് മിസൈലുകളും ഇന്ത്യയിലേക്ക് വിക്ഷേപിച്ചുവെന്ന് കണ്ടെത്തി. എന്നാൽ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾ തക‍ർത്തു. ചിലതിന്റെ ഭാഗങ്ങൾ ജനവാസ മേഖലയിൽ പതിക്കുകയും ചെയ്തു. ഇന്ത്യയിലെ 26ഓളം മേഖലകൾ പാകിസ്ഥാൻ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു.

രാത്രിയിലെ തുടർച്ചയായുള്ള ആക്രമണത്തിന് ശേഷം പുലർച്ചെ ജമ്മുവിലും അമൃത്‍സറിലും വീണ്ടും പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. പിന്നാലെ ശക്തമായി ഇന്ത്യൻ സൈന്യവും തിരിച്ചടിച്ചു. മിസൈലുകളും ബോംബുകളും ഇട്ടുകൊണ്ടായിരുന്നു സൈന്യത്തിന്റെ നീക്കം. അതേസമയം, സാധാരണക്കാരെയും പാകിസ്ഥാൻ ലക്ഷ്യമിട്ടതിന് പിന്നാലെ അതീവ ജാഗ്രതയിലാണ് രാജ്യം. അതിർത്തി ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജലന്ധറിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. പുറത്തിറങ്ങരുതെന്ന് ഉൾപ്പെടെ ജനങ്ങൾക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.

Previous Post Next Post