കോഴിക്കോട് :- ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പൊട്ടിത്തെറി ഉണ്ടായതിന്റെ ഭാഗമായി രോഗികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായോ എന്നന്വേഷിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട്, ജനറൽ സർജറി വിഭാഗം മേധാവി, എറണാകുളം മെഡിക്കൽ കോളജിലെ പൾമനോളജിസ്റ്റ്, കൊല്ലം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി എന്നിവരാണ് അംഗങ്ങൾ.
പൊട്ടിത്തെറിയെ തുടർന്നു പുക ഉയർന്നതിന്റെ പശ്ചാത്തലത്തിലും ആശുപത്രിയിൽ നിന്നു മാറ്റുമ്പോഴും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടായോ എന്നാണു പ്രധാനമായും സമിതി പരിശോധിക്കുകയെന്നു മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡിഎംഇ) ചുമതലയുള്ള ഡോ. കെ.വി വിശ്വനാഥൻ പറഞ്ഞു. മരണങ്ങൾ സംബന്ധിച്ച് ഫൊറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമാണു വിദഗ്ധ സമിതി പഠനം നടത്തുക. പൊട്ടിത്തെറിയെത്തുടർന്നു കെട്ടിടത്തിനോ ഉപകരണങ്ങൾക്കോ കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും ഡിഎംഇ പറഞ്ഞു.
പിഎംഎസ്എസ്‌വൈ ബ്ലോക്കിലെ തറ നിരപ്പ്, ഒന്നാം നില എന്നിവയിൽ ഒഴികെയുള്ള നിലകളിൽ രോഗികളെ ഇന്നലെ മുതൽ പ്രവേശിപ്പിച്ചു തുടങ്ങി. ഓപ്പറേഷൻ തിയറ്റർ നാളെ മുതൽ പ്രവർത്തിക്കും. അത്യാഹിത വിഭാഗവും ഒന്നാം നിലയും പ്രവർത്തിക്കാൻ കുറച്ചു കൂടി സമയം എടുക്കും. സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതിൽ തിരിച്ചെത്തുന്ന രോഗികളെ അതതു വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നതായും പ്രിൻസിപ്പൽ ഡോ. കെ.ജി സജീത്ത് കുമാർ പറഞ്ഞു.എംആർഐ സ്കാനിങ് മെഷീൻ പിന്നീടു മാത്രമേ പ്രവർത്തിക്കുകയുള്ളു. പൊട്ടിത്തെറിച്ച യുപിഎസ് മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ളവ പെട്ടെന്നു പൂർത്തിയാക്കുമെന്നും അധികൃതർ പറഞ്ഞു.