കാലവർഷം നേരത്തേയെത്തി, സംസ്ഥാനത്ത് ഉടനീളം മഴക്കെടുതി രൂക്ഷം


തിരുവനന്തപുരം :- സംസ്ഥാനത്ത് നേരത്തെയെത്തിയ കാലവർഷത്തിന് പിന്നാലെ പലയിടത്തായി കനത്ത നാശനഷ്ടം. മലപ്പുറത്ത് കനത്ത മഴക്കിടെ കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരുക്കേറ്റു. കോഴിക്കോട് കിണർ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. കോട്ടയം പാലാ സെൻ്റ് തോമസ് കോളേജിൽ മൊബൈൽ ടവർ കനത്ത കാറ്റിലും മഴയിലും തകർന്നുവീണു. വിവിധ ജില്ലകളിൽ കൃഷിനാശവും ഉണ്ടായി. മരങ്ങൾ കടപുഴകി വീണടക്കം നിരവധി വീടുകളും തകർന്നു.

പതിനാറ് വർഷത്തിനു ശേഷമാണ് മൺസൂൺ സംസ്ഥാനത്ത് ഇത്ര നേരത്തെ എത്തുന്നത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. കണ്ണൂരിലും കാസർകോടും റെഡ് അലർട്ട് അടക്കം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ടുണ്ട്. തീരദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രതയാണ്. 

മലപ്പുറം വാക്കല്ലൂരിലാണ് കാർ തോട്ടിലേക്ക് മറിഞ്ഞത്. ഒരു കുട്ടിയടക്കം നാല് പേർക്കാണ് പരിക്കേറ്റത്. കനത്ത മഴക്കിടെ നിയന്ത്രണം വിട്ടാണ് കാർ മറിഞ്ഞത്. പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം-പരപ്പനങ്ങാടി റോഡിൽ വെള്ളക്കെട്ട് രൂക്ഷമെന്നാണ് ലഭിക്കുന്ന വിവരം. വേങ്ങര പത്തു മൂച്ചിയിലാണ് വെള്ളക്കെട്ട്. സ്ഥലത്ത് ഗതാഗതം തടസ്സപ്പെട്ടു. 

 കോഴിക്കോട് അഴിയൂരിൽ നിർമ്മാണത്തിലിരുന്ന കിണർ ഇടിഞ്ഞു വീണു മണ്ണിനടിയിൽ കുടുങ്ങി തൊഴിലാളി മരിച്ചു. കണ്ണൂർ കരിയാട് സ്വദേശി രതീഷാണ് മരിച്ചത്. കിണറിൽ കുടുങ്ങിയ മറ്റൊരാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. കോഴിക്കോട് കോട്ട മൂഴി പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ പാർശ്വ ഭിത്തി മഴയെ തുടർന്ന് ഇടിഞ്ഞു.

പാലക്കാട് അട്ടപ്പാടിയിൽ റോഡിൽ മുളംകൂട്ടം വീണ് ഗതാഗതം തടസ്സപ്പെട്ടു. കവുണ്ടിക്കൽ മേഖലയിലാണ് സംഭവം. മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തി ആരംഭിച്ചു. കൊല്ലം പുനലൂരിൽ കാറ്റിലും മഴയിലും കൃഷി നാശമുണ്ടായി. കോട്ടവട്ടം സ്വദേശി മുരളീധരന്റെ അമ്പതോളം വാഴകൾ ഒടിഞ്ഞു വീണു. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ഇടവിട്ട് മഴ ശക്തമാണ്. കൊല്ലത്ത് നഗര പ്രദേശങ്ങളിലും കിഴക്കൻ മലയോര മേഖലയിലും ഇടവിട്ട് ശക്തമായ മഴ തുടരുന്നുണ്ട്. രാത്രിയുണ്ടായ മഴയിലും കാറ്റിലും പുനലൂർ ഐക്കരക്കോണത്ത് വീടിന് മുകളിലേക്ക് മരം വീണു. ഐക്കരക്കോണം സ്വദേശി വിശ്വംഭരൻ്റെ വീടാണ് തകർന്നത്. മേൽക്കൂരയും വീട്ടിലെ ഉപകരണങ്ങളും നശിച്ചു. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കൊല്ലത്ത് തന്നെ അഞ്ചൽ ഇടമുളയ്ക്കലിൽ വീടിന്റെ മതിൽ ഇടിഞ്ഞു വീണു. പലയിടങ്ങളിലും മരത്തിൻ്റെ ചില്ലകൾ ഒടിഞ്ഞു വീണ് വൈദ്യുതിബന്ധം തകരാറിലായി.

കോട്ടയത്ത് കാറ്റിലും മഴയിലും ബിഎസ്എൻഎൽ മൊബൈൽ ടവർ നിലംപതിച്ചു. പാലാ സെൻ്റ് തോമസ് കോളേജിന്റെ ലൈബ്രറി കെട്ടിടത്തിൻ്റെ നാലാം നിലയിൽ സ്ഥാപിച്ചിരുന്ന ബിഎസ്എൻഎൽ മൊബൈൽ ടവറാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മുകളിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന ടവർ ആണ് മറിഞ്ഞു വീണത്. സിഗ്നൽ ട്രാൻസ്മിഷൻ സംവിധാനങ്ങളും കേബിളുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും തകർന്നിട്ടുണ്ട്. കോളേജിന്റെ മുറ്റത്തേയ്ക്ക് പതിച്ചതിനാൽ കോളേജ് കെട്ടിടത്തിന് കേടുപാടുകളില്ല. തലനാട് വെള്ളാനി സർക്കാർ എൽപി സ്കൂളിന്റെ മേൽക്കൂര തകർന്നു. കെട്ടിടത്തിൽ ഉണ്ടായിരുന്ന പഠനോപകരണങ്ങൾ അടക്കമുള്ളവ നശിച്ചു. ഈരാറ്റുപേട്ടയിൽ മരം വീണു വീണ് ഒരു വീട് തകർന്നു. കടുവാമൂഴി അമ്പഴത്തിനാൽ ഷിഹാബിന്റെ വീടിന് മുകളിലേക്ക് ആണ് മരങ്ങൾ വീണത്. വൈക്കം സൗത്ത് പറവൂരിലും വ്യാപകമായി മരങ്ങൾ ഒടിഞ്ഞു വീണ്. നിരവധി വൈദ്യുതി പോസ്റ്റുകളും ഇടിഞ്ഞു വീണു.

തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിള വേട്ടമ്പള്ളിയിൽ മരം വീണ് വീട് ഭാഗീകമായി തകർന്നു. വേട്ടമ്പള്ളി സ്വദേശി മീനാക്ഷിയുടെ വീടിന്റെ ഒരു ഭാഗമാണ് മരം വീണ് തകർന്നത്.

Previous Post Next Post