കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം ; അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്


കോഴിക്കോട് :- മെഡിക്കൽ കോളേജിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് പിന്നാലെ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചു. പോസ്റ്റ്‌മോർട്ടത്തിലൂടെ മാത്രമേ ഈ ആരോപണവും മരണത്തിലുണ്ടായ സംശയവും ദൂരീകരിക്കാനും സാധിക്കൂവെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പിൽ വ്യക്തമാക്കി. അപകടം ഉണ്ടായ കെട്ടിടത്തിലെ മരുന്നുകൾ മാറ്റാൻ പ്രിൻസിപ്പൽ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്. കെട്ടിടം ഇന്നലെ തന്നെ പോലീസ് സീൽ ചെയ്തിരുന്നു. പകരം അത്യാഹിത വിഭാഗം ഒരുക്കിയ പഴയ കെട്ടിടത്തിലേക്ക് മരുന്നുകൾ മാറ്റാനാണ് പൊലീസിൻ്റെ സഹായം തേടിയത്.

അപകടത്തെ തുടർന്ന് നിർധനരായ രോഗികൾ പ്രതിസന്ധിയിലായി. അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചവർക്ക് ചികിത്സ ചെലവിന് വഴിയില്ലാത്ത സ്ഥിതിയാണ്. ഓപ്പറേഷൻ നടത്താനുള്ള പണം കണ്ടെത്താനാകാതെ കൊയിലാണ്ടി സ്വദേശിയായ തങ്കയുടെ കുടുംബം പരാതിയുമായി രംഗത്തെത്തി. ഇന്നലെ വൈകിട്ടുണ്ടായ കാറ്റിലും മഴയിലും കടയിൽ സ്ഥാപിച്ചിരുന്ന ബോർഡ് ഇളകി വീണാണ് തങ്കയ്ക്ക് പരുക്കേറ്റത്. തങ്കത്തിൻ്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നു.

Previous Post Next Post