തിരുവനന്തപുരം:- സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴു മരണം. കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. തേക്കിന്‍റെ കൊമ്പ് കാറ്റത്ത് ഒടിഞ്ഞ് വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. പിന്നാലെ വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീണാണ് അപകടം. ഈ സമയം രണ്ടുപേരും തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നാണ് ഷോക്കേറ്റ് ഇരുവരും മരിച്ചത്.
ഇന്ന് വൈകീട്ട് ആറരയോടൊണ് സംഭവം. പ്രദേശത്ത് അതിശക്തമായ മഴയും കാറ്റും തുടരുകയാണ്. കോഴിക്കോട് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെഞ്ഞ് വീണ് ഒരാൾ മരിച്ചു. ഇടുക്കിയിൽ മരം വീണ് തൊഴിലാളി മരിച്ചു. കൊടുങ്ങല്ലൂരിൽ വഞ്ചി മറിഞ്ഞ് ഒരാൾ കൂടി മരിച്ചു. പാലക്കാട് മഴക്കെടുതിയിൽ രണ്ട് പേർ മരിച്ചു.
കണ്ണൂർ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. ആർക്കും പരിക്കില്ല.പുലർച്ച രണ്ടു മണിയോടെയായിരുന്നു അപകടം.കനത്ത മഴയിൽ കണ്ണൂർ മാടായിപ്പാറയിലെ കൂറ്റൻ പന്തൽ തകർന്നു. മാടായി പഞ്ചായത്ത് മാടായി ഫെസ്റ്റിനു വേണ്ടി നിർമിച്ച പന്തലാണ് തകർന്നത്. ആളപായമില്ല.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതിപോസ്റ്റുകളും , വൈദ്യുതി ലൈനിന് മുകളിൽ മരങ്ങളും കടപുഴകി വീണതിനാൽ വൈദ്യുതിയും നിലച്ചിരിക്കുകയാണ്
കോഴിക്കോട് വില്ല്യാപ്പള്ളിയിലാണ് ഓടുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് കടപുഴകി പ്രദേശവാസിയായ പവിത്രന്‍ എന്നയാൾ മരിച്ചത്. ഇടവിട്ട് കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ വിലങ്ങാടുള്ള ഒമ്പത് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇന്നലെ രാത്രി ഇവിടെ ഒരു വീടിന്റെ വശത്തേക്ക് മണ്ണിടിഞ്ഞു വീണിരുന്നു. മുക്കം വാലില്ലാപ്പുഴയില്‍ സംരക്ഷണഭിത്തി കിടപ്പുമുറിയിലേക്ക് ഇടിഞ്ഞ് വീണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റു.
തൊട്ടില്‍പ്പാലത്ത് കുറ്റ്യാടിപ്പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്‍റെ തീരം ഇടിഞ്ഞതിനെത്തുടര്‍ന്ന് നാലു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ദേശീയ പാത നിര്‍മ്മാണം നടക്കുന്ന പയ്യോളിയില്‍ ഇന്നലെ രാത്രി വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്.. ഒളവണ്ണയില്‍ മരങ്ങളും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് മറിഞ്ഞുവീണു. ഇരുചക്ര വാഹന യാത്രക്കാരി തലനാരിഴക്ക് രക്ഷപ്പെട്ടത്.
പാലക്കാട് ജില്ലയിൽ മീൻപിടിക്കാൻ പോയ നാൽപ്പത്തിയെട്ടുകാരനെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് മൈലാഞ്ചിക്കാട് പള്ളത്ത്പടി സുരേഷ് ശങ്കരൻ ആണ് മരിച്ചത്. തിരുമിറ്റക്കോട് അമേരിക്കപ്പടി തോട്ടിൽ മുകളിലെ പാലത്തിൽ നിന്നും മീൻ പിടിക്കുന്നതിനിടെ മധ്യവയസ്ക്കൻ അബന്ധത്തിവീണ് മരിച്ചു. നെല്ലിക്കാട്ടിരി മൈലാഞ്ചിക്കാട് സ്വദേശി പള്ളത്ത്പടി സുരേഷ് ആണ് മരിച്ചത്
ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി ആണ് മരിച്ചത്. രാമക്കൽമേട് തോവാളപടിയിൽ
ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയ കാർ തലകീഴായി മറിയുകയായിരുന്നു.
കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. എറിയാട് കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപിന്‍റെ മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂർ കടപ്പുറത്തടിഞ്ഞത്. അപകടത്തിൽ പാലക്കപ്പറമ്പിൽ സന്തോഷ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലായിരുന്നു അപകടം.
തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിൽ മരക്കൊമ്പ് വീണു. ജാം നഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കൊടുങ്ങല്ലൂർ ചാവക്കാട് മേഖലയിൽ കടലേറ്റം രൂക്ഷം ബോട്ടിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളിയെ മറ്റു ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. കനത്ത മഴയിൽ തൃശൂർ ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ വെള്ളം കയറി. മുപ്പതോളം വീടുകൾ വെള്ളത്തിലായി. അരിമ്പൂർ കോൾപ്പാട ശേഖരത്തിലുണ്ടായ മിന്നൽ ചുഴലിയിൽ പമ്പ് ഹൗസ് തകർന്നു. മോട്ടോർ ഷെഡ്ഡിന്‍റെ മേൽക്കൂര പറന്നുപോയി.
മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിന് കുറുകെ മരം വീണു. കെഎസ്ആർടി ബസ് അല്‍പ്പനേരം മരത്തിനിടയില്‍ കുടുങ്ങി. വയനാട് നിരവിൽപുഴയിൽ കൃഷിനാശമുണ്ടായി. 1500 വാഴകൾ കാറ്റിലും മഴയിലും നശിച്ചു. മഴയിൽ മടക്കിമല ഗവൺമെൻറ് സ്കൂളിൻറെ ചുറ്റുമതിൽ 20 മീറ്ററോളം ഇടിഞ്ഞു.
ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകർന്നു. കുറുങ്ങാട് റംലത്തിൻ്റെ വീടാണ് രാത്രിയിൽ തകർന്നു വീണത്. കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു.
പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാർ റോഡിലും മരങ്ങൾ വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളി ആങ്ങമൂഴി റോഡിൽ മരം കാറിനു മുകളിൽ വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊല്ലത്ത് കിഴക്കൻമലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി പുനലൂർ കോട്ടവട്ടം സ്വദേശി ജോസിന്‍റെ വീടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു. ആർക്കും പരുക്കില്ല. കൊട്ടാരക്കരയിലും വീടിന് മുകളിലേക്ക് മരം വീണു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഏരൂരില്‍ മരം വീണ് രണ്ടു വീടുകൾക്ക് നാശനഷ്ടം നെട്ടയം സ്വദേശികളായ ബാലന്‍റെയും സതിയുടെയും വീടുകൾക്ക് മുകളിലാണ് മരങ്ങൾ വീണത്. വീടുകളുടെ മേല്‍ക്കൂര തകർന്നു. കുളത്തൂപ്പുഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ബിനുവിന്‍റെ വീടാണ് തകര്‍ന്നത്.