വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു


കോഴിക്കോട് :- വടകരയിൽ അഞ്ച് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഒരാൾക്ക് നായയുടെ ആക്രമണത്തിലും പരിക്കേറ്റിട്ടുണ്ട്. ലോകനാർകാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കൻ്റ ആക്രമണം ഉണ്ടായത്. മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയ്ക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

സംസ്ഥാനത്ത് തുടരെത്തുടരെയുണ്ടാകുന്ന പേവിഷ മരണങ്ങളിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. പുറത്തുനിന്നുള്ള വിദഗ്ധരെയടക്കം ഉൾപ്പെടുത്തി ഓരോ കേസുകളും പ്രത്യേകം പരിശോധിക്കാനാണ് ആലോചന. തെരുവുനായ ശല്യത്തിൽ അടിയന്തര നടപടികൾ സ്വീകരണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെടും. കൊല്ലം സ്വദേശിയായ ഏഴ് വയസ്സുകാരിയുടെ മരണത്തിന് പിന്നാലെ ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. നാല് കുട്ടികളുൾപ്പടെ നാല് മാസത്തിനുള്ളിൽ 14 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. 

സംസ്ഥാനത്ത് 2021 ല്‍ 11 പേരായിരുന്നു പേവിഷബാധയേറ്റ് മരിച്ചത്. 2022 ല്‍ 27 പേരായി മരണ സംഖ്യ ഉയർന്നു. 2023 ല്‍ 25 പേർ. 2024 ൽ 26 പേർ. ഈ വര്‍ഷം അഞ്ചാം മാസത്തിലേക്ക് കടന്നിരിക്കെ 14 പേരാണ് മരിച്ചത്. ഇതി. ഭൂരിഭാഗവും കുട്ടികളാണ്. 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. ഇതിൽ വാക്സീനെടുത്തിട്ടും ജീവന്‍ നഷ്ടപ്പെട്ടത് 20 പേര്‍ക്കാണ്. മറ്റുള്ളവര്‍ വാക്സീന്‍ എടുത്തിരുന്നില്ല. നായ കടിച്ചാൽ ആദ്യ മിനിറ്റുകൾ അത്യധികം പ്രധാനമെന്നാണ് ഡോക്ടർമാർ പറയുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുന്നതും വാക്സീനെടുക്കുന്നതും അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങളാണ്. 

Previous Post Next Post