കണ്ണൂർ :- ജില്ലയിൽ വീണ്ടും ഓൺലൈൻ കെണിയിൽ കുടുങ്ങി 4 പേർക്ക് പണം നഷ്ടമായി. 3.59 ലക്ഷം രൂപയാണ് തട്ടിപ്പുകാർ കവർന്നത്. ചക്കരക്കൽ സ്വദേശിയുടെ 3 ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പുകാർ തട്ടിയത്. ടെലിഗ്രാം വഴി ട്രേഡിങ് ചെയ്യുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നൽകിയെങ്കിലും നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ നൽകാതെ വഞ്ചിച്ചു എന്നാണ് പരാതി.
ഇൻസ്റ്റഗ്രാമിൽ പരസ്യം കണ്ട് കളിപ്പാട്ടം വാങ്ങുന്നതിനായി പണം നൽകിയ കണ്ണൂർ സ്വദേശിക്ക് നഷ്ടമായത് 3000 രൂപയാണ്. വാട്‌സാപ് മെസേജ് കണ്ട് ടെലിഗ്രാം വഴി പാർട്ട് ടൈം ജോലി ചെയ്യുന്നതിനു വിവിധ അക്കൗണ്ടുകളിലേക്ക് 30,000 രൂപ നൽകിയ കൂത്തുപറമ്പ് സ്വദേശിക്കും പണം നഷ്ടമായി. പിണറായി സ്വദേശിയുടെ 26,000 രൂപയാണ് തട്ടിപ്പുകാർ കവർന്നത്. എസ്ആർജിഇ എന്ന വിൻഡ് മിൽ കമ്പനിയുടെ ആൾക്കാരെന്ന വ്യാജേന ബന്ധപ്പെട്ട് കമ്പനിയുടെ ഷെയർ ഇൻവെസ്റ്റ്മെന്റ് എന്ന് പറഞ്ഞു പണം വാങ്ങിയെടുത്ത് വഞ്ചിക്കുകയായിരുന്നു.