പുതിയതെരു :- ജനദ്രോഹ - വ്യാപാരി വിരുദ്ധ നയങ്ങൾക്കും അധികാരി വർഗ്ഗ ഭീകരതയ്ക്കുമെതിരെ വ്യാപാരികളുടെ കടയടപ്പ് സമരവും ചിറക്കൽ പഞ്ചായത്ത് ഓഫീസിലേക്കുള്ള മാർച്ചും ധർണ്ണയും നാളെ മെയ് 8 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും. ചിറക്കൽ വില്ലേജ് ഓഫീസിന് മുന്നിൽ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ചിറക്കൽ പഞ്ചായത്ത് ഓഫീസിലേക്കും തുടർന്ന് സ്റ്റൈലൊ കോർണ്ണർ കേന്ദ്രീകരിച്ച് നടത്തുന്ന ധർണ്ണ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള വ്യാപാരി വ്യവസായി സമിതിയുടെയും നേതാക്കളും സംസാരിക്കും.
ചിറക്കൽ പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി നടപ്പിലാക്കിയ ഗതാഗത പരിഷ്ക്കരണത്തിൽ പുതിയതെരു ടൗണിലൂടെ കുരുക്കില്ലാതെയുള്ള വാഹനഗതാഗതം സുഗമമായിട്ടുണ്ട്. എന്നാൽ യാത്രക്കാർക്കും വ്യാപാരികൾക്കുമുള്ള പ്രയാസങ്ങൾ പരിഹരിക്കാൻ ചിറക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ബസ്സ് ബേ നിർമ്മിച്ച് ബസ്സ് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്നതിനും പുതിയതെരു ടൗണിൽ കാട്ടാമ്പള്ളി റോഡ് ജംഗ്ഷനിൽ സ്ഥാപിച്ച കോൺക്രീറ്റ് വൻമതിൽ നീക്കം ചെയ്ത‌് (ജംഗ്ഷൻ ഒഴിവാക്കി) മീഡിയൻ കുറ്റികൾ (ആന്റി-ഗെയർ മീഡിയൻ ബാരിയറുകൾ) സ്ഥാപിക്കുക, പുതിയതെരു മാർക്കറ്റിനകത്ത് വാഹനങ്ങൾ കയറുന്നത് വൺ വേ ആക്കുക, പുതിയതെരു ടൗണിലെ തെരുവ് വിളക്ക് പുനഃസ്ഥാപിക്കുക, തുടങ്ങിയ പുതിയതെരു വ്യാപാരി വ്യവസായി സംരക്ഷണ സമിതിയുടെ ബദൽ നിർദ്ദേശങ്ങൾ അംഗീകരിക്കുക എന്ന ആവശ്യവുമായാണ് പുതിയതെരുവിലെ വ്യാപാരികൾ മാർച്ചും ധർണ്ണയും നടത്തുന്നത്.