സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്


തിരുവനന്തപുരം :- സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടേഴ്സ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനെതിരേയാണ് നടപടി. ഫിസിഷ്യന്‍സ് സാമ്പിള്‍ എന്ന് രേഖപ്പെടുത്തിയിട്ടുള്ള നിരവധി മരുന്നുകള്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നതായും മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയതായും കണ്ടെത്തി. 

പരിശോധനയില്‍ കണ്ടെത്തിയ മരുന്നുകളും രേഖകളും വര്‍ക്കല മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഫിസിഷ്യന്‍സ് സാമ്പിള്‍ വില്‍പന നടത്തുന്നവര്‍ക്കെതിരെയും മരുന്നുകള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരാതിയുള്ളവര്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കേണ്ടതാണ്. (ടോള്‍ ഫ്രീ നമ്പര്‍ 1800 425 3182) 

രഹസ്യ വിവരത്തെ തുടര്‍ന്ന് ഡ്രഗ്സ് കണ്‍ട്രോളറുടെ നിര്‍ദ്ദേശപ്രകാരം ഇന്റലിജന്‍സ് ബ്രാഞ്ച് അസിസ്റ്റന്റ് ഡ്രഗ് കണ്‍ട്രോളറുടെ ഏകോപനത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടന്നത്. ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ സോണ്‍ - 3 പ്രവീണ്‍, ചീഫ് ഇന്‍സ്പെക്ടര്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് സ്‌ക്വാഡ് വിനോദ് വി, ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ (എസ്.ഐ.ബി) മണിവീണ എം.ജി, ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ അജി എസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Previous Post Next Post