മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞുകൊന്ന സംഭവം ; കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചു, അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്ന് റൂറൽ എസ്പി


കൊച്ചി :- എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ സന്ധ്യ കുറ്റം സമ്മതിച്ചു. എന്നാല്‍, കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും എറണാകുളം റൂറൽ എസ്പി എം ഹേമലത മാധ്യമങ്ങളോട് പറഞ്ഞു. സന്ധ്യയെ ഉടന്‍ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കും. ഡോക്ടറുടെ നിർദ്ദേശം ലഭിച്ചാൽ വിദഗ്ധ പരിശോധന നടത്തുമെന്നും റൂറൽ എസ്പി കൂട്ടിച്ചേര്‍ത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സന്ധ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കല്യാണിക്ക് കണ്ണീരോടെ വിട നല്‍കുകയാണ് നാട്. കല്യാണിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം അച്ഛന്‍റെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. കിഴിപ്പിള്ളിലെ വീട്ടിലേക്ക് കല്യാണിയുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോൾ പലരും വിങ്ങിപ്പൊട്ടി. ഇന്ന് വൈകിട്ട് തിരുവാങ്കുളം പൊതുശ്മശാനത്തിലാണ് സംസ്കാരം. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കുഞ്ഞിനെ കൊല്ലാന്‍ മുമ്പും സന്ധ്യ ശ്രമിച്ചിരുന്നെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു. 

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിരുന്നുവെന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കണ്ടെത്തി. 

Previous Post Next Post