ദില്ലി: പാകിസ്ഥാന്‍റെ ഭീകരബന്ധം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാനുളള എംപിമാരുടെ ആദ്യ പ്രതിനിധി സംഘം ജപ്പാനിലേക്ക് പുറപ്പെട്ടു. സജ്ജയ് കുമാര്‍ ഝാ നയിക്കുന്ന സംഘത്തില്‍ ജോണ്‍ ബ്രിട്ടാസും അംഗമാണ്. ഇ ടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടുന്ന മറ്റൊരു സംഘം രാത്രി പുറപ്പെടും. സര്‍വകക്ഷി സംഘത്തെ അയയ്ക്കുന്നത് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള ശ്രമമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനുശേഷം പാകിസ്ഥാനെ തുറന്നുകാട്ടാനുള്ള മിഷൻ ലോകതലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് ഇന്ത്യ. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്‍റെ യഥാര്‍ത്ഥ മുഖം ബോധ്യപ്പെടുത്താനുള്ള എംപിമാരുടെ പ്രതിനിധി സംഘം 32 രാജ്യങ്ങളിലെത്തും. ജപ്പാനിലേക്കാണ് ജെഡിയു എം പി സജ്ജയ് ഝാ നയിക്കുന്ന സംഘത്തിന്‍റെ ആദ്യ യാത്ര. അഭിഷേക് ബാനര്‍ജി ജോണ്‍ ബ്രിട്ടാസ്, അപരാജിത സാരംഗി, ബ്രിജ് ലാല്‍, പ്രധാന്‍ ബറൂവ, ഹേമങ് ജോഷി, സല്‍മാന്‍ ഖുര്‍ഷിദ്, മുൻ അംബാസഡർ മോഹന്‍ കുമാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.
ഓപറേഷന്‍ സിന്ദൂറിലുടെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കുക വഴി പഹല്‍ഗാം ആക്രമണത്തിനുളള മറുപടിയാണ് പാകിസ്ഥാന് നല്‍കിയതെന്ന് ലോകരാജ്യങ്ങളെ അറിയിക്കും. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന് സാമ്പത്തിക സഹായം നൽകരുതെന്ന് അഭ്യര്‍ത്ഥിക്കും. പാക് ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന നിലപാട് തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തും. കശ്മീര്‍ ഉഭയകക്ഷി പ്രശ്നമാണന്നും മൂന്നാംകക്ഷിയുടെ ഇടപെടല്‍ വേണ്ടെന്ന നിലപാടും ആവര്‍ത്തിക്കും. സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ചതില്‍ പുനപരിശോധന ഉണ്ടാകില്ലെന്നും ഇന്ത്യ വിശദീകരിക്കും.
രാത്രി ഒമ്പതോടെ ശിവസേന എംപി ശ്രീനാഥ് ഏക്നാഥ് ഷിന്‍ഡെ നയിക്കുന്ന രണ്ടാമത്തെ സംഘം യുഎഇയിലേക്ക് പുറപ്പെട്ടു. യുഎഇയ്ക്ക് പുറമെ ആഫ്രിക്കൻ രാജ്യങ്ങളും സംഘം സന്ദര്‍ശിക്കും. ഇ ടി മുഹമ്മദ് ബഷീറും സംഘത്തിലുണ്ട്. കനിമൊഴി, ശശി തരൂര്‍, സുപ്രിയ സുലെ, രവിശങ്കര്‍ പ്രസാദ്, ബൈജയന്ത് പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലുളള സംഘങ്ങള്‍ വരുംദിവസങ്ങളില്‍ യാത്ര തിരിക്കും. ചൈന, തുർക്കി എന്നീ രാജ്യങ്ങളിലേക്ക് സംഘങ്ങൾ പോകുന്നില്ല. ഗൾഫിൽ ഒമാനിലേക്ക് മാത്രം യാത്രയില്ല. അതേസമയം കേന്ദ്രസര്‍ക്കാരിന്‍റെ നയതന്ത്രനീക്കത്തില്‍ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചു. പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവും ആവര്‍ത്തിച്ചു. പ്രതിനിധി സംഘത്തിൻറെ കാര്യത്തിൽ പ്രതിപക്ഷ നിരയിൽ ഭിന്നതയുണ്ടാക്കുന്നതിൽ സർക്കാർ വിജയിച്ചിരിക്കെയാണ് യാത്ര തുടങ്ങിയ ദിവസം കോൺഗ്രസ് വിമർശനം കടുപ്പിക്കുന്നത്.