അതിശക്തമായ കാറ്റിലും മഴയിലും വീടിന്‍റെ മേൽക്കൂരയിലേക്ക് മരംവീണ് അമ്മയ്ക്കും മൂന്ന് മക്കൾക്കും ദാരുണാന്ത്യം


ദില്ലി :- അതിശക്ത മഴയ്ക്കും കാറ്റിനുമിടെ വീടിന്‍റെ മേൽക്കൂരയിൽ മരം വീണതിനെ തുടർന്ന് ദില്ലിയിൽ നാല് പേർ മരിച്ചു. ദ്വാരക ജില്ലയിലാണ് ദാരുണ സംഭവമുണ്ടായത്. 26 വയസ്സുള്ള ജ്യോതിയും മൂന്ന് മക്കളുമാണ് മരിച്ചത്. അഗ്നിശമന സേനയെത്തി നാല് പേരെയും ജാഫർപൂർ കലാനിലെ ആർ‌ടി‌ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വീട്ടിലുണ്ടായിരുന്നവരിൽ ജ്യോതിയുടെ ഭർത്താവ് അജയ് മാത്രമാണ് രക്ഷപ്പെട്ടത്. അദ്ദേഹം പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കനത്ത മഴയെ തുടർന്ന് ദില്ലിയിൽ 120 വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. 40 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. 46 മിനിട്ട് വരെ വൈകിയാണ് വിമാനങ്ങൾക്ക് ഇറങ്ങാനായത്. പുറപ്പെടുന്ന സമയം 54 മിനിറ്റ് വരെ വൈകി. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് വിമാനങ്ങളുടെ പുതിയ സമയ ക്രമം പരിശോധിക്കണമെന്ന് വിമാന കമ്പനികൾ യാത്രക്കാരോട് അഭ്യർത്ഥിച്ചു. "ദില്ലിയിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങൾ വൈകുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നു. ഇത് വിമാന ഷെഡ്യൂളിനെ ബാധിച്ചേക്കാം. തടസ്സം ഇല്ലാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു"- എയർ ഇന്ത്യ എക്‌സിൽ വ്യക്തമാക്കി.

ദില്ലിയിൽ അതിശക്തമായ മഴയും പൊടികാറ്റും തുടരുകയാണ്. കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. 80 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശും എന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദ്വാരക, ഖാൻപൂർ, സൗത്ത് എക്സ്റ്റൻഷൻ റിംഗ് റോഡ്, മിന്റോ റോഡ്, ലജ്പത് നഗർ, മോത്തി ബാഗ് തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി. കാലാവസ്ഥാ മുന്നറിയിപ്പ് പരിഗണിച്ച് കഴിയുന്നത്ര വീടിനുള്ളിൽ തന്നെ കഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴ പെയ്തതോടെ താപനിലയിൽ കുറവ് രേഖപ്പെടുത്തി.

Previous Post Next Post