ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കാന്‍ ക്യൂആര്‍ കോഡുമായി ഡിടിപിസി


കണ്ണൂർ :- ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ഡിടിപിസി ക്യൂആര്‍ കോഡ് സജ്ജമാക്കിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക് പരാതികളും നിര്‍ദേശങ്ങളും പങ്കുവെക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഡി ടി പി സി മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണ്. അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ ഓരോ കേന്ദ്രങ്ങളിലും സ്ഥാപിച്ചിട്ടുള്ള ക്യൂആര്‍ കോഡുള്ള ബോര്‍ഡ് സ്‌കാന്‍ ചെയ്താണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്. 

പയ്യാമ്പലം ബീച്ച്, പയ്യാമ്പലം പാര്‍ക്ക്, പയ്യാമ്പലം സീ പാത്ത് വേ, ധര്‍മ്മടം ബീച്ച്, ധര്‍മ്മടം പാര്‍ക്ക്, പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം, വയലപ്ര പാര്‍ക്ക്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പഴശ്ശി ഉദ്യാനം, ചൂട്ടാട് ബീച്ച് പാര്‍ക്ക്, പാലക്കാട് സ്വാമി മഠം പാര്‍ക്ക്, പാലക്കയം തട്ട് ടൂറിസം കേന്ദ്രം, തലശ്ശേരി ഗുണ്ടര്‍ട്ട് മ്യൂസിയം എന്നിവിടങ്ങളില്‍ ക്യൂആര്‍ കോഡ് സ്ഥാപിച്ചിട്ടുണ്ട്. ഡിടിപിസിയുടെ കീഴിലുള്ള വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഫീഡ്ബാക്ക് ആയി നല്‍കാവുന്നതാണ്. 

ഡിടിപിസിയുടെ കീഴിലുള്ള കേന്ദ്രങ്ങളിലെ പ്രശ്നങ്ങള്‍ സന്ദര്‍ശനം നടത്തുന്ന സമയത്ത് തന്നെ ഫീഡ്ബാക്ക് ടൈപ്പ് ചെയ്തോ വോയ്‌സ് വഴിയോ നല്‍കാവുന്നതാണ്. മാലിന്യ പ്രശ്നങ്ങളോ നിക്ഷേപമോ ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോ സഹിതം അയക്കുകയും ചെയ്യാം. ഇത്തരമൊരു വേറിട്ട പദ്ധതി ആരംഭിച്ചതിനു ശേഷം ലഭിച്ച പരാതികളില്‍ അടിയന്തരമായ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ചില വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് പ്രത്യേക പ്രൊജക്റ്റായി ആവിഷ്‌കരിക്കണ്ട സാഹചര്യമുണ്ടായാല്‍ ആയതിനുള്ള നടപടികളും ഡിടിപിസി സ്വീകരിക്കും.

Previous Post Next Post