ജില്ലാ മൃഗാശുപത്രിക്ക്‌ പുതിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ


കണ്ണൂർ :- ജില്ലാ മൃഗാശുപത്രിക്ക്‌ പുതിയ മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ ലഭിച്ചു. റീബിൽഡ് കേരള പദ്ധതിവഴിയാണ് മൂന്ന് മൊബൈൽ യൂണിറ്റുകൾ ലഭിച്ചത്. തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ് ബ്ലോക്കുകളിലേക്കുളള വെറ്ററിനറി യൂണിറ്റുകളാണിപ്പോൾ ലഭിച്ചത്. വാഹനത്തിൽ ഒരു ഡോക്ടറും ഒരു ഡ്രൈവർ കം അറ്റൻഡറുമാണ് ഉണ്ടാവുക. നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) പദ്ധതിവഴി ലഭിച്ച രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പയ്യന്നൂർ, ഇരിട്ടി ബ്ലോക്കുകളിൽ മുൻപേതന്നെ പ്രവർത്തിക്കുന്നുണ്ട്.

ജില്ലക്ക് കീഴിലെ 11 ബ്ലോക്കുകൾക്കും സേവനം നൽകേണ്ടത് ഈ അഞ്ച് യൂണിറ്റുകൾ ഉപയോഗിച്ചാണ്. തളിപ്പറമ്പ് ബ്ലോലെ വാഹനം കണ്ണൂർ ബ്ലോക്കിനും കൂത്തുപറമ്പ് ബ്ലോക്കിലെ വാഹനം പേരാവൂർ ബ്ലോക്കിനും തലശ്ശേരി ബ്ലോക്കിലെ യൂണിറ്റ് പാനൂർ എടക്കാട് ബ്ലോക്കുകൾക്കും പയ്യന്നൂരിലെ യൂ ണിറ്റ് കല്യാശ്ശേരിക്കും ഇരിട്ടി ബ്ലോക്കിലെ വാഹനം ഇരിക്കൂർ ബ്ലോക്കിലും സേവനം നൽകണം. അതുകൊണ്ടുതന്നെ മൂന്ന് മൊബൈൽ വെറ്ററിനറി യൂണിറ്റുകൾ പര്യാപ്തമല്ല എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എം.അജിത പറഞ്ഞു.

ഓരോ ബ്ലോക്കിലെയും വെറ്ററിനറി ഡിസ്പെൻസറികൾ മൊബൈൽ വെറ്ററിനറി യൂണിറ്റ് ഫോൺ നമ്പർ പ്രദർശിപ്പിക്കും. ഈ നമ്പറിൽ വിളിച്ചാൽ ഡോക്ടർ അതത് ബ്ലോക്കുകളിലെ വീടുകളിൽ വന്ന് ചികിത്സിക്കും. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറായ 1962-ൽ വിളിച്ച് സ്ഥലവും ആവശ്യവും പറഞ്ഞാൽ സേവനം ലഭിക്കും. പശു ആണെങ്കിൽ 450 രൂപയും, അരുമമൃഗങ്ങൾ (പട്ടി, പൂച്ച), എന്നിവയാണെങ്കിൽ 900 രൂപയുമാണ് സേവന നിരക്ക്.

Previous Post Next Post