പ്രിയദർശിനി ക്രിക്കറ്റ് ലീഗിൽ പ്രിയദർശിനി ഹീറോസ് PCL ചാമ്പ്യന്മാരായി


കോറളായി :- പ്രിയദർശിനി ക്രിക്കറ്റ് ലീഗ് പ്രഥമ സീസൺ കിരീടം പ്രിയദർശിനി ഹീറോസിന്. പ്രിയദർശിനി ലെജൻസിനെ 24 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് പ്രിയദർശനി ഹീറോസ് ഖാത്തിം സാഹിബ് മെമ്മോറിയൽ കിരീടം നേടിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പ്രിയദർശിനി ഹീറോസ് 10 ഓവറിൽ 111 സ്കോർ നേടി. പ്രിയദർശിനി ഹീറോസിനായി ഫൈസൽ ധോണി 51 റൺസ്( 5 സിക്സ്) നേടിക്കൊണ്ട് ടൂർണമെൻ്റിലെ ആദ്യ അർദ്ധ ശതകത്തിന് ഉടമയായി. 35 റൺസുമായി വിജിത്ത് ചോപ്ര മികച്ച പിന്തുണ നൽകി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. അവസാന ഓവറിൽ 14 റൺസ് നേടികൊണ്ട് ജയേഷ് ജയസൂര്യ ടീമിന്റെ ടോട്ടൽ 111ൽ എത്തിച്ചു.

ലെജൻസിനായി ഷൈജു ഫ്ലിന്റോഫ് രണ്ടു വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ 112 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലെജൻസിന് കഴിഞ്ഞ മത്സരത്തിലെ ഹീറോ അമർനാഥ് ഹെറ്റ്മയറിനെ തുടക്കത്തിലെ നഷ്ടമായി. 1 റൺസ് മാത്രമേ താരത്തിന് നേടാനായുള്ളു.ഓപ്പണർ നിഷാന്ത് ഡുപ്ലസി 22 റൺസും വൈസ് ക്യാപ്റ്റൻ സുനീഷ് സ്റ്റോയിനിസ് 33 റൺസ് നേടിക്കൊണ്ട് പൊരുതിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ഇരുവരും പുറത്തായത് ടീമിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ഷൈജു ഫ്ലിൻ്റോഫിലൂടെ (21 റൺസ്) പ്രിയദർശിനി ലെജൻ്റ്സ് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 24 റൺസ് അകലെ ടീമിൻറെ പോരാട്ടം നിലച്ചു. ഹീറോസിനായി ബൗളിങ്ങിൽ ജയേഷ് ജയസൂര്യ 2 വിക്കറ്റുമായി തിളങ്ങി. ഫൈനലിലെ മികച്ച താരവും ടൂർണമെൻറ് താരവുമായി പ്രിയദർശിനി ഹീറോസിൻ്റെ ഫൈസൽ ധോണി തിരഞ്ഞെടുക്കപ്പെട്ടു. സമ്മാനദാന ചടങ്ങിൽ കെ.വി ഗിരീഷ് എക്സൈസ് ഇൻസ്പെക്ടർ (ആലക്കോട് റേഞ്ച്) വിജയികൾക്ക് ട്രോഫി നൽകി. ക്രിക്കറ്റ് ആണ് ലഹരി എന്ന ആഹ്വാനവുമായി കോറളായി പ്രിയദർശിനി ക്രിക്കറ്റ് ക്ലബ് ഏപ്രിൽ 20 മുതൽ മെയ് 18 വരെയായിരുന്നു ടൂർണമെന്റ് സംഘടിപ്പിച്ചത്. 

Previous Post Next Post