തിരുവനന്തപുരം :- ആറുവർഷത്തെ കാത്തിരിപ്പിനുശേഷം കെഎസ്‌ആർടിസിക്ക് പുതിയ ബസുകളെത്തി. 2018-ൽ 100 ഡീസൽ ബസുകൾ വാങ്ങിയശേഷം ഇതാദ്യമായാണ് കെഎസ്ആർടിസി പുതിയ ബസുകൾ നിരത്തിലിറക്കുന്നത്. രണ്ടാം പിണറായി സർക്കാരിൻ്റെ സമയത്ത് ഇതുവരെ വാങ്ങിയ 434 ബസുകളും ഉപകമ്പനിയായ സ്വിഫ്റ്റിനാണ് നൽകിയിരുന്നത്.
ടാറ്റയുടെ രണ്ട് ബസുകളാണ് കഴിഞ്ഞ ദിവസം കെഎസ്ആർടിസിക്ക് കൈമാറിയത്. ഓരോ സൂപ്പറും ഫാസ്റ്റുമാണ് എത്തിയത്. ശേഷിക്കുന്നവ ജൂലായിൽ എത്തും. ടാറ്റയിൽ നിന്ന് വാങ്ങുന്ന 80 ബസുകളിൽ സൂപ്പർഫാസ്റ്റും ഫാസ്റ്റ് പാസഞ്ചറുകളുമാണുള്ളത്. ബസ് വാങ്ങാൻ 107 കോടി രൂപയാണ് ബജറ്റിൽ മാറ്റിവെച്ചത്. ഇതിൽ ആദ്യഘട്ടമായി 63 കോടി രൂപ അനുവദിച്ചിരുന്നു. മൊത്തം 143 ബസുകളാണ് വാങ്ങുന്നത്. ഇതിൽ 106 എണ്ണം സ്വിഫ്റ്റിന് നൽകും. അശോക് ലൈലൻഡ്, ഐഷർ കമ്പനികളിൽ നിന്നും ബസുകൾ വാങ്ങുന്നുണ്ട്.