വെള്ളരിക്കുണ്ട് :- സ്കൂൾകാലത്തെ അടി മറന്നില്ല. അറുപത്തിരണ്ടാം വയസ്സിൽ സഹപാഠികൾ തമ്മിൽ വീണ്ടും അടി. രണ്ടുപേർക്കെതിരെ കേസെടുത്തു പൊലീസ്. വെള്ളരിക്കുണ്ടിലാണ് പൊലീസുകാരെ അടക്കം ചിരിപ്പിച്ച കൗതുകക്കേസ്. മാലോംവെട്ടകൊമ്പിൽ ബാബുവിന്റെ (62) പരാതിയിൽ മാലോം സ്വദേശികളായ ബാല കൃഷ്ണൻ (62), സുഹൃത്തായ വലിയപ്ലാക്കൽ മാത്യു (61) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
മാലോം ടൗണിൽവച്ച് ഒരാഴ്ച മുൻപ് ബാലകൃഷ്ണനും ബാബുവും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. വാക്കേറ്റത്തിനിടെ നാലാം ക്ലാസിൽ തന്നെ അടിച്ചത് മറന്നിട്ടില്ലെന്ന് ബാബു പറഞ്ഞിരുന്നുവത്രെ. അന്നു നാട്ടുകാർ ഇടപെട്ട് പ്രശ്നം തീർത്തെങ്കിലും കഴിഞ്ഞദിവസം ടൗണിൽ വച്ച് വീണ്ടും ഇതേച്ചൊല്ലി വഴക്കിടുകയായിരുന്നു. വഴക്കിനെ തുടർന്ന് ബാലകൃഷ്ണൻ ബാബുവിനെ തടഞ്ഞുവയ്ക്കുകയും മാത്യു കല്ലു കൊണ്ട് മുഖത്തും പുറത്തും ഇടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ബാബു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.