ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തിന് ഇന്ന് തിരിതെളിയും


കണ്ണൂർ :- ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന 19-ാമത് പുസ്തകോത്സവത്തിന് ജൂണ്‍ ആറ് വെള്ളിയാഴ്ച തുടക്കമാകും. കലക്ടറേറ്റ് മൈതാനിയില്‍ ഉച്ചക്ക് ശേഷം മൂന്നിന് എഴുത്തുകാരന്‍ എം മുകുന്ദന്‍ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള എഴുപതില്‍പരം പ്രസാധകരുടെ 150 സ്റ്റാളുകളാണ് മേളയില്‍ ഒരുങ്ങുക.

ജൂണ്‍ ഏഴിന് രാവിലെ 10 മുതല്‍ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ഉച്ചക്ക് ശേഷം മൂന്നിന് 'സര്‍ഗാത്മക സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യും. എം.കെ മനോഹരന്‍ അധ്യക്ഷനാകും. പ്രൊഫ. ബി. മുഹമ്മദ് അഹമ്മദ്, താഹ മാടായി, ഡോ. പ്രിയ വര്‍ഗീസ് എന്നിവര്‍ സംസാരിക്കും. ആര്‍ട്ടിസ്റ്റ് മദനന്‍ ഒരുക്കുന്ന 'എം.ടി സ്മരണയില്‍ വരയും വര്‍ത്തമാനവും' ഉണ്ടാകും.

ജൂണ്‍ എട്ടിന് രാവിലെ 10 മുതല്‍ വിവിധ പുസ്തകങ്ങളുടെ പ്രകാശനം നടക്കും. ഉച്ചക്ക് ശേഷം മൂന്നിന് ജില്ലാ ലൈബ്രേറിയന്‍മാരുടെ സംഗമം 'വായനാ വസന്തം' മുന്‍ മന്ത്രി പി.കെ ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം എം.കെ രമേഷ്‌കുമാര്‍ അധ്യക്ഷനാകും. ടി.പി വേണുഗോപാലന്‍, ഡോ. ജിനേഷ്‌കുമാര്‍ എരമം എന്നിവര്‍ സംസാരിക്കും.

ജൂണ്‍ ഒന്‍പതിന് രാവിലെ 10 മണിക്ക് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ.വി അജയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷനാകും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ വിജയന്‍ അവലോകനം നടത്തും. രാവിലെ 11.30 ന് നടക്കുന്ന ഏഴാം ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി സംഗമം ഗ്രന്ഥാലോകം പത്രാധിപര്‍ പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്യും.

Previous Post Next Post