മേയ് മാസത്തെ റേഷൻ ഇന്നുകൂടി വിതരണം ചെയ്യും


കണ്ണൂർ :- മേയ് മാസത്തെ റേഷൻ  വിതരണം ഇന്നുകൂടി. കുടിശിക തുക ലഭിക്കാത്തതിൻ്റെ പേരിൽ റേഷൻ സാധനങ്ങളെത്തിക്കുന്ന കരാറുകാർ നടത്തിയ പണിമുടക്കാണു വിതരണക്രമം താളംതെറ്റാൻ കാരണം. സമരം തീർന്നു സാധനങ്ങളുടെ വിതരണം തുടങ്ങിയത് 23ന് ആണ്. പിന്നാലെ മേയ് മാസത്തെ സാധനങ്ങളുടെ വിതരണത്തിനു പൊതുവിതരണവകുപ്പ് സമയം നീട്ടിനൽകി. ഈ സമയമാണ് ഇന്ന് അവസാനിക്കുന്നത്.

വിതരണം പൂർത്തിയാക്കാനിരിക്കേ സംസ്‌ഥാനത്തു ചില താലൂക്കുകളിലെ റേഷൻ കടകളിൽ അരിയെത്തിയിട്ടില്ല. തൃശൂർ, ആലപ്പുഴ, എറണാകുളം ജില്ലകളിലെ താലൂക്കുകളിലാണു മേയ് മാസത്തേക്ക് അനുവദിച്ച അരി എത്താനുള്ളത്. കുട്ടനാട്, പറവൂർ, എറണാകുളം നോർത്ത് തുടങ്ങിയ സ്‌ഥലങ്ങളിൽ അരി എത്തിയിട്ടില്ലെന്നു റേഷൻ വ്യാപാരികൾ പറഞ്ഞു. കൊടുങ്ങല്ലൂരിൽ ഇന്നലെ അരിയെത്തിച്ചു പ്രശ്ന‌ം പരിഹരിച്ചു. കുട്ടനാട്ടിലാണ് ഏറ്റവുമധികം കടകളിൽ അരിയെത്താനുള്ളത്.

ജൂണിലെ റേഷൻ വിതരണം 6നു തുടങ്ങാനാണു നിലവിൽ കരാറുകാർക്കു നൽകിയിരിക്കുന്ന നിർദേശം. എന്നാൽ, കഴിഞ്ഞ മാസത്തെ വിതരണം ബാക്കി നിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഇതു നീട്ടിവയ്ക്കാനും ആലോചനയുണ്ട്. ജൂണിലെ വിതരണം പൂർത്തിയാക്കിയ ശേഷമേ ജൂലൈ മാസത്തെ ബഫർ ‌സ്റ്റോക്ക് വിതരണം തുടങ്ങാനാകൂ. വരുന്ന മാസത്തേക്കുള്ള സാധനങ്ങൾ ഈ മാസം തന്നെ, എത്തിച്ചു സൂക്ഷിക്കുന്ന രീതിയാണു നിലവിലുള്ളത്. എന്നാൽ, ബഫർ സ്‌റ്റോക്ക് വിതരണം മിക്കയിടത്തും സമയത്തു പൂർത്തിയാകാനിടയില്ലെന്നാണു സൂചന.


Previous Post Next Post