ചെന്നൈ :- തീവണ്ടികളിലെ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ബെർത്തിന്റെ എണ്ണത്തിന്റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി റെയിൽവേ ബോർഡ് പിൻവലിച്ചു. യാത്രക്കാരിൽനിന്നും റെയിൽവേയുടെ വിവിധ വിഭാഗങ്ങളിൽനിന്നും പരാതി ഉയർന്ന പശ്ചാത്തലത്തിലാണിത്. തീവണ്ടി പുറപ്പെടുന്ന സ്റ്റേഷനുകളിൽനിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെർത്തുകളുടെ എണ്ണത്തിന്റെ 60 ശതമാനംവരെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാമെന്ന് റെയിൽവേ ബോർഡ് പാസഞ്ചർ മാർക്കറ്റിങ് വിഭാഗം ഡയറക്ടറുടെ പുതിയ ഉത്തരവിൽ പറയുന്നു. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്നവർക്ക് അത് 30 ശതമാനമായിരിക്കും. തത്കാൽ ടിക്കറ്റുകൾക്കും ഇതേ രീതിയായിരിക്കും.
റിസർവേഷൻ കോച്ചുകളിലെ തിരക്ക് കുറയ്ക്കാൻ എന്ന് പറഞ്ഞാണ് വെയ്റ്റിങ് ലിസ്റ്റ് ജൂൺ 16-മുതൽ വെട്ടിക്കുറച്ചത്. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾത്തന്നെ, ഇത് അപ്രായോഗികമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞയാഴ്ച ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ടിക്കറ്റില്ല ('റിഗ്രറ്റ്') എന്ന് കാണിച്ച പല വണ്ടികളും അവസാന നിമിഷം വൻതോതിൽ കാൻസലേഷൻ വന്നതുകാരണം ബെർത്തുകൾ ഒഴിഞ്ഞാണ് സർവീസ് നടത്തിയത്. കറന്റ് ബുക്കിങ് ഉപയോഗപ്പെടുത്തുന്നവർക്കും ഏജന്റുമാർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റിന്റെ എണ്ണം നോക്കിയാണ് തിരക്കേറിയ സമയത്ത് പ്രത്യേക വണ്ടികൾ ഓടിച്ചിരുന്നത് എന്നതും കാരണമായി.
തീവണ്ടി പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് പ്രസിദ്ധീകരിക്കാൻ റെയിൽവേ തീരുമാനിച്ചു. നിലവിൽ നാലുമണിക്കൂർ മുൻപാണ് ചാർട്ട് തയ്യാറാക്കുന്നത്. അവസാനനിമിഷം ചാർട്ട് തയ്യാറാക്കുന്നതുകാരണം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകാർ നേരിടുന്ന അനിശ്ചിതത്വം ഒഴിവാക്കുന്നതിനാണ് പുതിയ തീരുമാനം. ഇതനുസരിച്ച് ഉച്ചയ്ക്ക് രണ്ടുമണിക്കു മുൻപ് പുറപ്പെടുന്ന തീവണ്ടികളുടെ ചാർട്ട് തലേദിവസം രാത്രി ഒൻപതിന് തയ്യാറാക്കും.
രണ്ടു മണിക്കു ശേഷം പുറപ്പെടുന്ന വണ്ടികളുടേത് അന്ന് പകൽ പ്രസിദ്ധീകരിക്കും. വൈകാതെ ഇത് നടപ്പാകുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം അവസാനത്തോടെ പുതിയ റിസർവേഷൻ സംവിധാനത്തിലേക്കു മാറാനും റെയിൽവേ തയ്യാറെടുക്കുകയാണ്. മിനിറ്റിൽ ഒന്നരലക്ഷം ടിക്കറ്റുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാവുമിത്. ഇപ്പോൾ ഇതിന്റെ അഞ്ചിലൊന്നാണ് ശേഷി.