കൊട്ടിയൂർ :- വൈശാഖോത്സവത്തിലെ നാലാമത്തെ ആരാധനാ പൂജ ഇന്നു നടത്തും. രോഹിണി ആരാധനാ നാളായ ഇന്നു കുറുമാത്തൂർ നായ്ക്കൻ സ്ഥാനികൻ നടത്തുന്ന ആലിംഗന പുഷ്പാഞ്ജലിയും ഇന്നു നടത്തും. മൂന്നു വർഷത്തിനുശേഷമാണ് ഇന്ന് ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത്. മുൻ നായ്ക്കൻ സ്ഥാനികൻ പരമേശ്വരൻ നമ്പൂതിരിപ്പാട് വാർധക്യ സഹജമായ കാരണങ്ങളാൽ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ചടങ്ങ് നടത്താൻ എത്തിയിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം അന്തരിച്ചു. ഇതിനെത്തുടർന്നു കുറുമാത്തൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് നായ്ക്കൻ സ്ഥാനികനായി അവരോധിക്കപ്പെട്ടു. അദ്ദേഹമാണ് ഇന്ന് ആലിംഗന പുഷ്പാഞ്ജലി നടത്തുക.
ഇന്നലെ മണത്തണയിലെ ആക്കൽ തറവാട്ടിൽ എത്തിയ നായ്ക്കനെ ആചാരപൂർവം സ്വീകരിച്ചു. ഇന്ന് അക്കരെ കൊട്ടിയൂർ സന്നിധാനത്തിലെത്തുന്ന അദ്ദേഹം ചടങ്ങ് നടത്തും. ഇതോടൊപ്പം വൈശാഖോത്സവത്തിലെ രോഹിണി ആരാധനാപൂജകളും ഇന്നു നടത്തും. പൊന്നിൻ ശീവേലി, ദേവസദ്യ, ആരാധനാ സദ്യ, പാലമൃത് അഭിഷേകം എന്നീ ചടങ്ങുകളും നടത്തും.