തിരുവനന്തപുരം :- സംസ്ഥാനത്തെ വൈദ്യുതലൈനുകളുടെ സുരക്ഷാപരിശോധനയും അറ്റകുറ്റപ്പണികളും രണ്ട് ഘട്ടമായി ഓഗസ്റ്റ് 18-നുള്ളിൽ പൂർത്തിയാക്കാൻ ജീവനക്കാർക്ക് കെഎസ്ഇബി നിർദേശം. ഈ മാസംമാത്രം നാലുപേരാണ് പൊട്ടിവീണ വൈദ്യുതക്കമ്പികളിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഈ സാഹചര്യത്തിൽ ചെയർമാ
ൻ വിളിച്ച യോഗത്തിലാണ് അടിയന്തരനടപടിക്കുള്ള തീരുമാനം. ലൈനുകളുടെ സുരക്ഷാ പരിശോധന (ലൈൻ പട്രോളിങ്) കാര്യക്ഷമമായി നടത്താത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ആൾക്ഷാമവും ഉപകരണങ്ങളുടെ ലഭ്യതക്കുറവുമാണ് പരിശോധന മന്ദഗതിയിലാകാൻ കാരണമെന്ന് ജീവനക്കാർ പറയുന്നു.
ആദ്യഘട്ട പരിശോധന ഈ മാസം 31-ന് പൂർത്തിയാക്കണം. ഇലക്ട്രിക്കൽ സെക്ഷനിലെ ഓവർസിയർമാരുടെ ചുമതലയിലാണ് പരിശോധന നടത്തേണ്ടത്. കണ്ടെത്തുന്ന അപാകങ്ങൾ അപകടസാധ്യതയുള്ളതാണെങ്കിൽ ഉടൻതന്നെ പരിഹരിക്കണം. വീടുകളിലേക്കുള്ള ലോ ടെൻഷൻ ലൈനുകൾ സമഗ്രമായി പരിശോധിക്കണം. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും മരങ്ങൾ ഇടതിങ്ങിയ സ്ഥലങ്ങളിലും പ്രത്യേകം ശ്രദ്ധവേണമെന്നും നിർദേശിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവർ ദിവസേന ഇത് നിരീക്ഷിക്കണം.
രണ്ടാംഘട്ട പരിശോധന 31-ന് ആരംഭിച്ച് ഓഗസ്റ്റ് 18-ന് പൂർത്തിയാക്കണം. ഇതിന്റെ ചുമതല സബ്എൻജിനിയർമാർക്കാണ്. ഹൈടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഈ ഘട്ടത്തിൽ പരിശോധിക്കും. ലൈനുകൾക്ക് അപകടമുണ്ടാക്കാൻ സാധ്യതയുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുനീക്കാൻ ട്രീ കമ്മിറ്റികളെ സമീപിക്കണം. എക്സിക്യുട്ടീവ് എൻജിനിയർമാർ രണ്ടു ദിവസത്തിലൊരിക്കലും ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർ നാലു ദിവസത്തിലൊരിക്കലും പുരോഗതി വിലയിരുത്തണം.