ന്യൂഡൽഹി :- ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സ്കൂൾ വിദ്യാർഥികൾക്കായി എൻസിഇആർടി പഠന മൊഡ്യൂൾ തയാറാക്കുന്നു. 3 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും ഇന്ത്യയുടെ സേനാശക്തിയെക്കുറിച്ചും ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയാണു നടപടി. ഇവ ക്ലാസുകളിൽ നിർബന്ധമായി പഠിപ്പിക്കാൻ വേണ്ടിയല്ല. അധിക പഠനത്തിനും വായനയ്ക്കുമായി ഉപയോഗിക്കാനാണ്. പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ മേയ് 7ന് ആണ് ഇന്ത്യ തകർത്തത്. പിന്നീടുണ്ടായ സൈനിക നടപടിയിലും ഇന്ത്യ പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകിയിരുന്നു.
3-8 ക്ലാസുകൾക്കു വേണ്ടിയുള്ള മൊഡ്യൂൾ ആദ്യം ലഭ്യമാക്കും. 9-12 ക്ലാസിന്റേതു പിന്നീടും. ഓരോ മൊഡ്യൂളിലും 8-10 പേജുകൾ. അടുത്തിടെ പുറത്തിറങ്ങിയ എട്ടാം ക്ലാസ് സാമൂഹിക ശാസ്ത്ര പുസ്തകത്തിൽ 2016 ലെ സർജിക്കൽ ടെക്കുമായി ബന്ധപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ നേട്ടങ്ങളെക്കു റിച്ചു എൻസിഇആർടി ഇപ്പോൾ തുടർച്ചയായി പഠന മൊഡ്യൂളുകൾ ഇറക്കുന്നുണ്ട്. വികസിത് ഭാരത്, നാരിശക്തി വന്ദൻ, ജി20, കോവിഡ്-19, ഭാരത്-മദർ ഓഫ് ഡെമോക്രസി, ചന്ദ്രയാൻ എന്നിവയെല്ലാം കഴിഞ്ഞ വർഷങ്ങളിൽ എത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ മൊഡ്യൂളിനു പുറമേ ഇന്ത്യ-പാക്ക് വിഭജനത്തെക്കുറിച്ചും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെക്കുറിചുമെലാം പുതിയ പഠനഭാഗങ്ങൾ തയ്യാറാക്കുന്നുണ്ട്.