കൽപറ്റ :- മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയിൽ വീണ്ടും ഉരുൾ പൊട്ടാൻ സാധ്യതയുണ്ടെന്നു ഗവേഷണ സ്ഥാപനമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജിയുടെ മുന്നറിയിപ്പ്. കനത്ത മഴ പെയ്യുന്നതിനാലും ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം ദുർബലമായി തുടരുന്നതിനാലും അതേ സ്ഥലത്ത് ഉരുൾപൊട്ടലുണ്ടാകാമെന്നാണു വിലയിരുത്തൽ. കുറഞ്ഞത് 5 വർഷത്തേക്കെങ്കിലും ജാഗ്രത തുടരണമെന്ന് ഹ്യൂം സെന്റർ ഡയറക്‌ടർ സി.കെ വിഷ്ണുദാസ് പറഞ്ഞു.
മുണ്ടക്കൈയിൽ ഉരുൾപൊട്ടാൻ സാധ്യതയുണ്ടെന്ന് 2024 ജൂലൈ 30ന് മുൻപുതന്നെ ജില്ലാ ഭരണകൂടത്തിനു ഹ്യൂം സെന്റർ മുന്നറിയിപ്പു നൽകിയിരുന്നു. 16 മണിക്കൂറിനുശേഷം ഉരുൾപൊട്ടലുണ്ടാവുകയും ചെയ്തു. മുന്നറിയിപ്പ് കണക്കിലെടുത്ത് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാൻ കാര്യമായ ഇടപെടലുണ്ടാകാത്തതാണു മരണസംഖ്യ ഉയരാൻ കാരണമായത്. 2020ലെ ഉരുൾപൊട്ടലിനു മുൻപ് ഹ്യൂം സെന്റർ പ്രവചനം കണക്കിലെടുത്ത് മുണ്ടക്കൈയിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. അതുവഴി വലിയ ദുരന്തം ഒഴിവാക്കാനായെങ്കിലും കഴിഞ്ഞവർഷത്തെ മുന്നറിയിപ്പു വേണ്ടത്ര ഗൗരവത്തിലെടുക്കുന്നതിൽ ദുരന്തനി വാരണ അതോറിറ്റിക്കു വീഴ്ചയുണ്ടായി. 2018ൽ ഉരുൾപൊട്ടലുണ്ടായ കുറിച്യർ മലയിൽ ഈ വർഷം 3 തവണ മണ്ണിടിച്ചിലുണ്ടായിരുന്നു.