കൊച്ചി :- ഓണത്തിന് മുന്നോടിയായി സപ്ലൈകോ വിൽപ്പന ശാലകളിൽ ഉൽപ്പന്നങ്ങൾക്ക് വിലക്കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെയാണ് തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്ക് വിലക്കുറവ് നൽകുന്നത്. സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവ് വിവിധ ഉൽപ്പന്നങ്ങൾക്ക് ലഭിക്കും. അരി, എണ്ണ, സോപ്പ്, ശർക്കര, ആട്ട റവ , മൈദ, ഡിറ്റർജന്‍റുകൾ, ടൂത്ത് പേസ്റ്റ് സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ഉണ്ട്.
ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവില്‍ സുലഭമായി ലഭ്യമാക്കുന്നതിന് സപ്ലൈകോ ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന്‍റെ അധ്യക്ഷതയിൽ സപ്ലൈകോ കേന്ദ്രകാര്യാലയത്തിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി സാധനങ്ങൾ അടക്കം എല്ലാ ഭക്ഷ്യവസ്തുക്കളും ലഭ്യമാണ്. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനുമായി കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.