തിരുവനന്തപുരം :- പലതവണ അവസരം നൽകിയിട്ടും മസ്റ്ററിങ് ചെയ്യാതിരുന്ന പിങ്ക് കാർഡുകളിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 3.47 ലക്ഷം പേരുടെ റേഷൻവിഹിതം ഭക്ഷ്യവകുപ്പ് തടഞ്ഞു. ജൂലായിലെ ധാന്യമാണു തടഞ്ഞത്. ജൂൺ 30-നകം മസ്റ്ററിങ് ചെയ്യാത്തവരെ അയോഗ്യരായി കണക്കാക്കണമെന്ന കേന്ദ്ര ഭക്ഷ്യസെക്രട്ടറിയുടെ നിർദേശമനുസരിച്ചാണു നടപടി. പിങ്ക് കാർഡിന് ആളെണ്ണം നോക്കിയാണ് വിഹിതം. അരിയും ഗോതമ്പും ആട്ടയുമടക്കം ഒരാൾക്ക് അഞ്ചുകിലോയാണ് പ്രതിമാസം കിട്ടുക. അതിനാൽ, കേന്ദ്രനിർദേശം നടപ്പാക്കാൻ തടസ്സമുണ്ടായില്ല.
കാർഡിലെ മസ്റ്ററിങ് ചെയ്യാത്ത അംഗങ്ങളെ മാത്രം ഇ-പോസ് യന്ത്രത്തിൽ നിന്നു നീക്കിയാണ് വിഹിതം തടഞ്ഞത്. മറ്റുള്ളവർക്ക് റേഷൻ കിട്ടി. മഞ്ഞക്കാർഡുള്ള 51,226 പേരാണ് മസ്റ്ററിങ് ചെയ്യാതിരുന്നത്. എന്നാൽ, ഇവരുടെ വിഹിതത്തെ നടപടി ബാധിച്ചില്ല. ആളെണ്ണം കണക്കാക്കാതെ കുടുംബം അടിസ്ഥാനമാക്കി പ്രതിമാസം 35 കിലോയാണ് ഇവർക്ക് വിഹിതം. ഏതെങ്കിലുമൊരാൾ മസ്റ്ററിങ് ചെയ്താൽപ്പോലും മുഴുവൻ വിഹിതവും കിട്ടും.
മഞ്ഞ, പിങ്ക് കാർഡുകളിലെ 1.44 കോടിയാളുകളാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടിയിരുന്നത്. ഒരുവർഷത്തിലേറെ സമയം അനുവദിച്ചിട്ടും 1.34 കോടിപ്പേരാണ് (97.23 ശതമാനം) അതു ചെയ്തത്. 3.98 ലക്ഷം പേർ (2.77 ശതമാനം) ബാക്കിയാണ്. ഇവരെ സ്ഥലത്തില്ലെന്നു കണക്കാക്കി നോൺ റെസിഡൻ്റ് കേരള (എൻആർ കെ) വിഭാഗത്തിലേക്കു മാറ്റി ഇ-പോസിൽ നിന്നൊഴിവാക്കി. മസ്റ്ററിങ് ചെയ്ത ചിലരും റേഷൻ കിട്ടിയില്ലെന്ന പരാതിയുമാ യെത്തിയിട്ടുണ്ട്. ജൂലായിലെ വിഹിതം ഇ-പോസിൽ ക്രമീകരിച്ചശേഷം മസ്റ്ററിങ് ചെയ്തവർക്കാണ് കിട്ടാത്തത്. അടുത്തമാസം ഇവർക്ക് റേഷൻ കിട്ടും.
റേഷൻ വിഹിതം തടഞ്ഞതോടെ മസ്റ്ററിങ്ങിന് വീണ്ടും ആളുകൾ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മാത്രം മൂവായിരത്തോളം പേർ മസ്റ്ററിങ് നടത്തി. ഇവർക്ക് അടുത്ത മാസം മുതൽ വിഹിതം നൽകിയേക്കും.