കണ്ണൂർ :- തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും വില കുതിച്ചുയരുമ്പോൾ, കേരളത്തിൽ നാളികേര ഉല്പാദനം കൂപ്പുകുത്തിയ അവസ്ഥയിലാണ്. ഓണക്കാലത്ത് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടക്കുമെന്നാണ് ആശങ്ക. കൊപ്ര ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് ഇറക്കുമതി സാധ്യത തേടുകയാണ് കേരഫെഡ്. ഇതിന് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി വേണം.
കഴിഞ്ഞവർഷം ജൂലായിൽ ഒരുകിലോ വെളിച്ചെണ്ണക്ക് 180 രൂപയും തേങ്ങയ്‌ക്ക് 32 രൂപയുമായിരുന്നു. ഇപ്പോൾ വെളിച്ചെണ്ണ വില 430- 470 രൂപയും തേങ്ങയ്‌ക്ക് 78-85 രൂപയുമായി. പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാൻ 2024 സെപ്തംബറിൽ കേന്ദ്രസർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി ചുങ്കം 20 മുതൽ 32 ശതമാനം വരെ ഉയർത്തിയതോടെ ഇവയുടെ വില ഉയർന്നു.
പിന്നാലെ വെളിച്ചെണ്ണയുടെ വില്പന കൂടുകയും വില വർദ്ധിക്കുകയും ചെയ്തു. കാലാവസ്ഥാ വ്യതിയാനവും രോഗങ്ങളും കാരണം തമിഴ്നാട്ടിൽനിന്നുള്ള തേങ്ങ വരവ് കുറഞ്ഞതും പ്രഹരമായി. കേരളത്തിൽ തെങ്ങുകൃഷിക്കായി കോടികളുടെ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.