കോഴിക്കോട് :- കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ ക്രൂര മർദ്ദനം. അത്തോളി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഒരാഴ്ച മുൻപാണ് വിദ്യാർത്ഥി സ്കൂളിൽ പ്ലസ് വണ്ണിന് അഡ്മിഷൻ നേടിയത്. സീനിയർ വിദ്യാർത്ഥികൾ പാട്ട് പാടാനും ഡാൻസ് ചെയ്യാനും ആവശ്യപ്പെട്ടിരുന്നു. പാടാൻ അറിയില്ലെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി പറയുന്നു.
സ്കൂളിന് പുറത്ത് ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നു. വിദ്യാർത്ഥിയെ സംഘം അടിച്ചു വീഴ്ത്തി, ചവിട്ടി പരിക്കേൽപ്പിച്ചു. പാട്ട് പാടാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ എന്റെ തലയിൽ ചവിട്ടിയെന്ന് മര്‍ദ്ദനമേറ്റ വിദ്യാർത്ഥി പറഞ്ഞു. സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം സ്കൂളിലെ ആന്റി റാഗിംഗ് സെലും സ്ഥിരീകരിച്ചു. വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസും അന്വേഷണം നടത്തുന്നുണ്ട്.