താഴെചൊവ്വ :- പാളത്തിന്റെ
അറ്റകുറ്റപ്പണിക്കുവേണ്ടി താഴെ ചൊവ്വ റെയിൽവേ ഗേറ്റ് അടച്ചിട്ടതോടെ കണ്ണൂർ-തലശ്ശേരി ദേശീയപാതയിലും കൂത്തുപറമ്പ് സംസ്‌ഥാനപാതയിലും ചാല ബൈപാസിലും വൻ ഗതാഗത കുരുക്ക്. പൊതുഅവധിയായിട്ടും ഇന്നലെ മുഴുവൻ സമയവും ഗതാഗതക്കുരുക്കിൽ ജനം വലഞ്ഞു. ഇന്ന് പ്രവൃത്തി ദിവസമായതിനാൽ ഗതാഗതക്കുരുക്ക് വർധിക്കുമെന്ന് ആശങ്കയുണ്ട്. നാളെ രാത്രി അറ്റകുറ്റപ്പണി പൂർത്തിയാക്കി മാത്രമേ ഗേറ്റ് തുറക്കൂവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഗേറ്റ് അടച്ചതിനാൽ കണ്ണൂരിൽ നിന്നു തലശ്ശേരി, കൂത്തുപറമ്പ് ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും താഴെചൊവ്വ - ചാല ബൈപാസ് വഴിയാണ് ഓടുന്നത്. ബൈപാസിൽ ദേശീയപാതയുടെ നിർമാണം നടക്കുന്ന കിഴുത്തള്ളി, ചാല അമ്പലം സ്റ്റോപ് എന്നിവിടങ്ങളിൽ റോഡിലെ കുഴികൾ കാരണം വാഹനങ്ങൾക്ക് ഇഴഞ്ഞാണു നീങ്ങുന്നത്. ഇതുമൂലം സ്വതവേതന്നെ ഗതാഗതക്കുരുക്കു പതിവുള്ള ബൈപാസിലേക്കു മറ്റുവാഹങ്ങളെയും വഴിതിരിച്ച് വിട്ടതോടെ ഇവിടെ കുരുക്ക് രൂക്ഷമായി. കിഴുത്തള്ളിയിൽനിന്ന് ഓവുപാലം റോഡിലേക്കു തിരിയുന്ന സ്ഥലത്ത് കുരുക്കഴിക്കാൻ പൊലീസ് പാടുപെടുന്നുണ്ട്.
ഇന്നലെ രാവിലെ തുടങ്ങിയ ഗതാഗതക്കുരുക്ക് രാത്രി 9 വരെ തുടർന്നു. ദേശീയപാതയിലെ താഴെചൊവ്വ, നടാൽ റെയിൽവേ ലവൽ ക്രോസുകളിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ മേൽപാലം നിർമിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.
.