ചെന്നൈ :- രാജ്യത്തെ ആദ്യത്തെ വേഴാമ്പൽ സംരക്ഷണകേന്ദ്രം തമിഴ്നാട്ടിൽ നിലവിൽ വരും. കോയമ്പത്തൂർ ജില്ലയിലെ ആനമല കടുവാസങ്കേതത്തിൽ സംരക്ഷണകേന്ദ്രം സ്ഥാപിക്കാനാണ് തമിഴ്നാട് സർക്കാർ ഭരണാനുമതി നൽകിയത്. പഴങ്ങളും ചെറിയ ജീവികളെയും ഭക്ഷിക്കുന്ന വേഴാമ്പലുകൾ വിത്തുവിതരണത്തിലൂടെ കാടിന്റെ നിലനിൽപ്പിന് സഹായിക്കുന്ന പക്ഷികളാണ്.
വേഴാമ്പൽ വിഭാഗത്തിലെ പല പക്ഷികളും വംശനാശഭീഷണി നേരിടുന്നുണ്ട്. ഇതു കണക്കിലെടുത്താണ് സംരക്ഷണത്തിന് പ്രത്യേക കേന്ദ്രം തുടങ്ങുന്നതെന്ന് വനം, പരിസ്ഥിതി അഡിഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. വേഴാമ്പലിന്റെ ആവാസകേന്ദ്രങ്ങൾ നിലനിർത്താനും ജനങ്ങളുടെ സഹായത്തോടെ അവയെ സംരക്ഷിക്കുന്നതിനും കേന്ദ്രത്തിൽ പദ്ധതികളുണ്ടാവും. ഇതിന് ആദ്യഘട്ടമെന്ന നിലയിൽ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. മലമുഴക്കി വേഴാമ്പൽ, പാണ്ടൻ വേഴാമ്പൽ, നാട്ടുവേഴാമ്പൽ, കോഴി വേഴാമ്പൽ എന്നീ ഇനങ്ങളാണ് ആനമലയിലുള്ളത്.