കോഴിക്കോട് :- കണ്ണിൽ അസഹ്യമായ വേദനയുമായി ആശുപത്രിയിലെത്തിയ വയോധികയുടെ കണ്ണിൽ നിന്നും പ്രത്യേകയിനം വിരയെ നീക്കം ചെയ്തു. മട്ടന്നൂർ സ്വദേശിനിയായ പ്രസന്ന(75)യുടെ കണ്ണിൽ നിന്നുമാണ് ഡോക്ടർമാർ നീളൻ വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കോഴിക്കോട് ഉള്ളേരിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.
കണ്ണിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് പ്രസന്ന ആശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയിലാണ് കണ്ണിൽ വിരയുള്ളതായി കണ്ടെത്തിയതും ശസ്ത്രക്രിയ നടത്തിയതും. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഭേദമാകാത്തതിനെ തുടർന്നാണ് ഇവർ ഉള്ളേരിയിലെ ആശുപത്രിയിൽ എത്തിയത്.
ഇവിടെ നടത്തിയ വിദഗ്‌ധ പരിശോധനയിൽ ഡോക്‌ടർമാർ വിരയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് അടിയന്തര ശസ‌്ക്രിയ നടത്താൻ തീരുമാനിച്ചു. നേത്രവിഭാഗത്തിലെ എച്ച്ഒഡി ഡോ. കെ വി രാജു, ഡോ. സി വി സാരംഗി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.