കാസര്‍കോട്:-കാസർകോട് കുട്ടികളെ കൊണ്ട് പാദപൂജ ചെയ്യിച്ചതില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടേയും പരാതികളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.
അതേസമയം, ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്ത അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതും പ്രതിഷേധാർഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളിൽ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളർത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് മന്ത്രി പ്രതികരിച്ചു.
കാസർകോട് ബന്തടുക്കയിലെ സരസ്വതി വിദ്യാലയത്തിലും മാവേലിക്കരയിലെ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ലഭിച്ച റിപ്പോർട്ടെന്ന് മന്ത്രി പറഞ്ഞു. ഇത് തീർത്തും ഞെട്ടിപ്പിക്കുന്നതാണ്. സിബിഎസ്ഇ സിലബസ് പിന്തുടരുന്ന ഈ സ്കൂളുകളോട് എത്രയും പെട്ടെന്ന് വിശദീകരണം തേടാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവം വളർത്തുന്ന ഇത്തരം ആചാരങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. അറിവും സ്വബോധവുമാണ് വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടതെന്ന് മന്ത്രി പ്രതികരിച്ചു