കണ്ണൂർ :- മുതിർന്ന യാത്രക്കാർക്കായി തീവണ്ടികളിൽ പ്രത്യേക കോച്ച് വരുന്നു. മുംബൈ ഛത്രപതി ശിവജി ടെർമിനസ്-ഡോം ബിവിലി പാസഞ്ചർ എമുവിൽ (ഇലക്ട്രിക് മൾട്ടിപ്പിൾ യുണിറ്റ്) പ്രത്യേക കോച്ച് ഘടിപ്പിച്ചു. വണ്ടിയിലെ ആറാമത്തെ കോച്ചിന്റെ ലഗേജ് സ്ഥലം മുതിർന്ന യാത്രക്കാർക്കുവേണ്ടി മാത്രം പുനർരൂപകല്പന ചെയ്യുകയായിരുന്നു. മൂന്ന് സീറ്റ്, 1 രണ്ട് സീറ്റ് യൂണിറ്റുകളായാണ് ഇരിപ്പിടസൗകര്യം ഒരുക്കിയത്. സുരക്ഷാസംവിധാനങ്ങളും പ്രത്യേക ഏണിപ്പടികളും ആകർഷകമായ അകത്തളവും കോച്ചിന്റെ പ്രത്യേകതയാണ്. നിലവിൽ ഇന്ത്യയിലെ തീവണ്ടികളിൽ അംഗപരിമിതർക്കാണ് പ്രത്യേക കോച്ചുള്ളത്.സോണുകളിൽ വൈകാതെ ഇത്തരം കോച്ച് വരുമെന്നാണ് സുചന.
2020 മാർച്ച് 20 മുതൽ മുതിർന്ന യാത്രക്കാർക്ക് ലഭിച്ചു കൊണ്ടിരുന്ന സൗജന്യ നിരക്ക് റെയിൽവേ എടുത്തുകളഞ്ഞിരുന്നു. 60 വയസ്സിന് മുകളിലുള്ള പുരുഷൻമാർക്കും 58 കഴിഞ്ഞ സ്ത്രീകൾക്കുമാണ് ആനുകൂല്യങ്ങൾ ഇല്ലാതായത്. ഒരു വണ്ടിയിൽ ആകെയുള്ള ലോവർ ബർത്തിന്റെ 10 ശതമാനം ക്വാട്ട മാത്രമാണ് ഇപ്പോൾ കിട്ടുന്ന ഏക ആശ്വാസം. ഇളവ് ഒഴിവാക്കിയതിലൂടെ റെയിൽവേക്ക് ഒരുവർഷം ലഭിക്കുന്നത് രണ്ടായിരത്തിലധികം കോടി രൂപയാണ്.