കൊല്ലം :- കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ഇരുമ്പുകമ്പി ഇളകി വീണ് യാത്രക്കാരുടെ തലപൊട്ടി. നീരാവിൽ സ്വദേശി സുധീഷ്, തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആശ എന്നിവർക്കാണ് പരിക്കേറ്റത്. ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. റെയിൽവേയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് ആക്ഷേപം.
രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോഴാണ് നീരാവിൽ സ്വദേശി സുധീഷിൻ്റെയും വട്ടിയൂർക്കാവ് സ്വദേശി ആശയുടെയും തലയിലേക്ക് ഇരുമ്പു കമ്പികൾ പതിച്ചത്. സമീപത്ത് നിർമ്മാണം നടക്കുന്ന റെയിൽവേയുടെ കെട്ടിടത്തിൽ നിന്ന് കൂറ്റൻ ഇരുമ്പ് കമ്പികൾ താഴേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഓട്ടോറിക്ഷയിൽ റെയിൽവേ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. വേണ്ടത്ര സുരക്ഷയൊരുക്കാതെയുള്ള നിർമ്മാണ രീതിയാണ് അപകടത്തിന് കാരണമായതെന്നാണ് ആക്ഷേപം.
നിർമ്മാണ സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് റെയിൽവേ പ്രതികരിച്ചിട്ടില്ല. മൈനാഗപ്പള്ളി സ്കൂളിലെ അധ്യാപികയാണ് പരിക്കേറ്റ ആശ. സെക്രട്ടേറിയേറ്റിലെ ജീവനക്കാരനാണ് സുധീഷ്. സുധീഷിനെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചു. സംഭവ സമയത്ത് പ്ലാറ്റ്ഫോമിൽ കൂടുതൽ യാത്രക്കാർ ഇല്ലാത്തത് കൊണ്ടു മാത്രമാണ് വൻ അപകടം ഒഴിവായത്.