തിരുവനന്തപുരം :- ആറ് പേരിലൂടെ ഇനി അരുൺ ജീവിക്കും, കുടുംബത്തിന് നന്ദി അറിയിച്ച് മന്ത്രി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം തിരുവഞ്ചൂർ മണർകാട് പുത്തേട്ടിൽ രോഹിണി വീട്ടിൽ ജെ അരുണി (44) ന്‍റെ അവയവങ്ങൾ ഇനി ആറ് പേർക്ക് പുതുജീവനേകുക. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അരുണിന്‍റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ദാനം ചെയ്തത്.
യെസ് ബാങ്ക് തിരുവനന്തപുരം വഴുതക്കാട് ബ്രാഞ്ചിലെ ബ്രാഞ്ച് മാനേജരായിരുന്നു അരുൺ. ജൂൺ 26-നാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. മഹത്തായ അവയവദാനത്തിന് തയ്യാറായ അരുണിന്‍റെ കുടുംബത്തിന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷന്‍റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പി.ആർ ജനാർദ്ദനൻ നായർ, എം. രാധാമണി അമ്മ എന്നിവരാണ് അരുണിന്‍റെ മാതാപിതാക്കൾ. ഭാര്യ: എസ്. ദേവി പ്രസാദ്. മക്കൾ: ആദിത്യ നായർ, നിതാര നായർ.