പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് - കായച്ചിറ - കൊളച്ചേരിപ്പറമ്പ് റോഡിലെ യാത്രാദുരിതത്തിന് പരിഹാരമായി. റോഡിൽ രൂപപ്പെട്ട വലിയ കുഴികൾ കൊളച്ചേരി ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെട്ട് താത്കാലികമായി അടച്ച് യാത്രായോഗ്യമാക്കി. എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎയുടെ ഇടപെടലിലൂടെ മരാമത്ത് വകുപ്പ് എസ്‌റ്റിമേറ്റ് തയാറാക്കി നൽകിയിട്ടുണ്ടെന്നും ഫണ്ട് ലഭിച്ചാൽ മഴയ്ക്കു ശേഷം റോഡ് പൂർണമായും താറിങ് നടത്തുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് അറിയിച്ചു. റോഡ് നവീകരണ പ്രവർത്തിക്കായി പഞ്ചായത്തും ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
ദിനംപ്രതി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധിപേർ യാത്രചെയ്യുന്ന ഈ റോഡ് തകർന്ന് യാത്ര ദുസ്സഹമായതിനെ തുടർന്ന് റോഡ് നവീകരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ റൂട്ടിലുള്ള സ്വകാര്യ ബസ് ദിവസങ്ങളോളമായി പണിമുടക്ക് നടത്തിയിരുന്നു. സർവീസ് നിർത്തിവെച്ച ബസ് ഉടൻ സർവീസ് ആരംഭിക്കണമെന്നാണ് പഞ്ചായത്ത് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.