ദില്ലി :- അന്തരിച്ച കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി, മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൻ്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസിന്റെ അന്ത്യം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. രാത്രി അദ്ദേഹത്തിൻ്റെ ആലപ്പുഴയിലെ വീട്ടിലെത്തും. മറ്റന്നാൾ രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലും ആലപ്പുഴ ടൗൺ ഹാളിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ടോടെ വലിയ ചുടുകാട്ടിൽ മൃതദേഹം സംസ്കരിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചിട്ടുണ്ട്.