കണ്ണൂർ :- സാങ്കേതിക തടസങ്ങൾ കാരണമാണ്
സ്റ്റേഡിയം കോർണറിന് സമീപമുള്ള മൾട്ടിലെവൽ കാർപാർക്കിംഗിന്റെ നിർമ്മാണം യഥാസമയം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് കോർപ്പറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മൾട്ടിലെവൽ കാർ പാർക്കിംഗിന്റെ നിർമ്മാണം യഥാസമയം പൂർത്തിയാക്കിയില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് റിപ്പോർട്ട് സമർപ്പിക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
ഫയർ ആന്റ് സേഫ്റ്റി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നിവയുടെ അനുമതി ലഭിക്കാൻ കാലതാമസമുണ്ടായി. സ്റ്റേഡിയം സൈറ്റിലെ പ്രവൃത്തികൾക്ക് 2023 ഓഗസ്റ്റ് 11 നും ബാങ്ക് റോഡിലെ സൈറ്റിന് 2023 നവംബർ 10 നുമാണ് അംഗീകാരം ലഭിച്ചത്. ആരംഭഘട്ടത്തിൽ സൈറ്റിൽ മാറ്റം വരുത്തേണ്ടി വന്നു. അനിയന്ത്രിതമായ കാലാവസ്ഥയും താമസത്തിന് കാരണമായി. കൺസൾട്ടൻസിയിൽ നിന്ന് ഡ്രോയിങ്ങുകൾ ലഭിക്കാൻ എടുത്ത കാലതാമസവും കരാറുകാരൻ ഡ്രോയിങ്ങുകൾ വെറ്റ് ചെയ്തു സമർപ്പിക്കുന്നതിലെടുത്ത കാലതാമസവുമാണ് പ്രവൃത്തി യഥാസമയം പൂർത്തിയാക്കാൻ കഴിയാതിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.2024 ജൂൺ 14 ന് കോർപ്പറേഷൻ ഓഫീസിൽ ചേർന്ന അമൃത് കോർ കമ്മറ്റി വിഷയം ചർച്ച ചെയ്തു. എസ്റ്റിമേറ്റിന് ചീഫ് എഞ്ചിനീയറുടെ അനുമതി ലഭിച്ച് 3 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.