ന്യൂഡൽഹി :- അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായും ഒരാഴ്ചയ്ക്കുള്ളിൽ ഹജ്ജ് രജിസ്ട്രേഷന് പോർട്ടൽ തുറക്കുമെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു. അവരവരുടെ താത്പര്യപ്രകാരമുള്ള ഭക്ഷണം തിരഞ്ഞെടുക്കാൻ തീർഥാടകർക്ക് ഇത്തവണ അവസരമുണ്ടാകുമെന്നും ഹജ്ജ് അവലോകനയോഗത്തിനുശേഷം റിജിജു പറഞ്ഞു. ഈ വർഷം പല കാരണങ്ങളാൽ മരണം 64 മാത്രമായിരുന്നു. മുൻ വർഷവും അതിനുമുൻപും അത് 200-ന് മുകളിലായിരുന്നെന്നും മന്ത്രി പറഞ്ഞു.
പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക താമസം വേണമെന്ന നിർദേശം ഉയർന്നിരുന്നു. സൗദി സർക്കാരിനോടും ഇക്കാര്യം അഭ്യർഥിച്ചിട്ടുണ്ട്. 65 കഴിഞ്ഞവർക്കൊപ്പം പങ്കാളി വേണമെന്ന നിർദേശവും പാലിക്കും. പാസ്പോർട്ടിലെ ഒറ്റപ്പേരുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ കാരണം വിസ നിരസിക്കാതിരിക്കാൻ സത്യവാങ്മൂലം നൽകി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കും. അപേക്ഷിക്കുന്നവർക്കെല്ലാം ഹജ്ജിന് അവസരം നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ നടപടികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.