കണ്ണൂർ :- ജില്ലയിലെ റെയിൽവേ സ്റ്റേഷൻ വരുമാനത്തിൽ കണ്ണൂർ തന്നെ മുന്നിൽ. 2024-25 സാമ്പത്തികവർഷത്തെ കണക്ക് പ്രകാരം 123.74 കോടി രൂപയാണ് കണ്ണൂർ നേടിയത്. മുൻവർഷത്തേക്കാൾ 2.12 കോടി രൂപയുടെ വർധനയുണ്ട്. 2023-24 വർഷം 121.62 കോടി രൂപയായിരുന്നു വരുമാനം. റിസർവ്ഡ് ടിക്കറ്റിൽ 44 ലക്ഷം രൂപയും അൺ റിസർവ്ഡ് ടിക്കറ്റിൽ 1.66 കോടി രൂപയുമാണ് വർധന.
മാഹി സ്റ്റേഷനിൽ 2.54 കോടി രൂപയുടെ വരുമാന വർധന ഉണ്ട്. 2024-25-ൽ 4.93 കോടി രൂപയാണ് വരുമാനം. 2023-24 വർഷം ഇത് 2.39 കോടി രൂപയായിരുന്നു. പഴയങ്ങാടി സ്റ്റേഷനിൽ 28 ലക്ഷത്തിൻ്റെ വർധനയുണ്ട്. തലശ്ശേരിയിലും പയ്യന്നൂരിലും അൺ റിസർവ്ഡ് ടിക്കറ്റ് വരുമാന വർധന ജില്ലയിലെ പ്രധാന സ്റ്റേഷനുകളായ തലശ്ശേരി, പയ്യന്നൂർ, കണ്ണപുരം എന്നിവിടങ്ങളിൽ വരുമാനക്കുറവുണ്ടായി.
തലശ്ശേരിയിൽ 2024-25 ൽ 40.32 കോടിയാണ് ആകെ വരുമാനം. 2023-24 വർഷം ഇത് 40.96 കോടി രൂപയായിരുന്നു. 64 ലക്ഷം രൂപയുടെ കുറവാണ് വന്നത്. റിസർവ് ടിക്കറ്റ് വരുമാനത്തിൽ കുറവുണ്ടെങ്കിലും അൺ റിസർവ്ഡ് ടിക്കറ്റ് വരുമാനത്തിൽ മുൻ വർഷത്തേക്കാൾ 68 ലക്ഷം രൂപയുടെ വർധനയുണ്ട്. പയ്യന്നൂരിലും ആകെ വരു മാനം കുറഞ്ഞു. 2024-25-ൽ 24.58 കോടി രൂപയാണ് വരുമാനം. 2023-24 വർഷം ഇത് 24.62 കോടി രൂപയായിരുന്നു. അൺ റിസർവ്ഡ് ടിക്കറ്റ് ഇനത്തിൽ 17 ലക്ഷത്തിൻ്റെ വരുമാന വർധന ഉണ്ട്. കണ്ണപുരത്തും നേരിയ തോതിൽ വരുമാനം കുറഞ്ഞു.