തിരുവനന്തപുരം :- റജിസ്റ്റേഡ് തപാലും സ്പീഡ്പോസ്റ്റും പാഴ്സലും തപാൽ വകുപ്പ് വൈകാതെ വീടുകളിൽ വന്നു ശേഖരിക്കും. ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്കാകും സേവനം. തപാൽ വകുപ്പ് ഇതിനായി സോഫ്റ്റ്വെയർ വികസിപ്പിച്ചു. റജിസ്റ്റേഡ് തപാൽ അയയ്ക്കുമ്പോൾ സ്വീകരിച്ചു എന്നതിനു തെളിവായി ലഭിക്കുന്ന അക്നോളജ്മെന്റ് കാർഡിനു പകരം പ്രൂഫ് ഓഫ് ഡെലിവറിയും (പിഒഡി) ഡിജിറ്റൽ സിഗ്നേച്ചറും ഏർപ്പെടുത്തും. ഇതിന് 10 രൂപ ഈടാക്കും. മൊബൈൽ ഫോൺ സന്ദേശത്തിലൂടെയാകും പിഒഡി എത്തുന്നത്.
തപാൽ സാമഗ്രികൾ വിതരണം ചെയ്യാനായില്ലെങ്കിൽ അതിനുള്ള കാരണവും അയച്ചയാളെ ബോധിപ്പിക്കും. ഉദാഹരണത്തിന് വീട് അടഞ്ഞുകിടക്കുകയാണെങ്കിൽ അയച്ചയാൾക്ക് ആപ് വഴി ചിത്രം ലഭിക്കും. പകരം ചുമതലപ്പെടുത്തിയ ആളാണ് ഉരുപ്പടി വാങ്ങുന്നതെങ്കിൽ ആ ആളിന്റെ ഫോട്ടോ അയച്ചുകൊടുക്കുന്നതും പരിഗണനയിലുണ്ട്. വലിയ നഗരങ്ങളിൽ കത്തുകളും പാഴ്സലുകളും തരംതിരിക്കാൻ എഐ സംവിധാനവും നിലവിൽ വരും.