ഹരിപ്പാട് :- പ്ലസ്‌വൺ പ്രവേശനത്തിന് സ്കൂളും വിഷയവും മാറാൻ (ട്രാൻസ്ഫർ അലോട്മെന്റ്) അപേക്ഷിച്ചവരെ ഉൾപ്പെടുത്തിയുള്ള അലോട്മെൻ്റ് നാളെ ജൂലൈ 25 വെള്ളിയാഴ്ച 10 മണി മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി വകുപ്പിൻ്റെ പ്രവേശന വെബ്സൈറ്റിലെ ട്രാൻസ്ഫർ അലോട്‌മെന്റ് റിസൾട്ട് ലിങ്കിലൂടെ പരിശോധിക്കാം. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വൈകീട്ട് നാലുവരെയാണ് അലോട്മെൻ്റ് പ്രവേശനത്തിനുള്ള സമയപരിധി.
അലോട്മെന്റ് ലഭിച്ചവർ നിലവിൽ ചേർന്ന സ്കൂളിലെ പ്രിൻസിപ്പലിനെ സമീപിച്ചാൽ മതി. അലോട്‌മെൻ്റ് ലെറ്ററിന്റെ പ്രിന്റ് സ്കൂളിൽനിന്നു നൽകും. അതേ സ്കൂളിൽ മറ്റൊരു വിഷയത്തിൽ അലോട്മെന്റ് ലഭിച്ചവരുടെ പ്രവേശനം സ്കൂൾ അധികൃതർ ക്രമപ്പെടുത്തും. അധിക ഫീസ് മാത്രം അടച്ചാൽ മതി. മറ്റൊരു സ്കൂളിൽ അലോട്മെന്റ് ലഭിച്ചവർക്ക് ടി.സി, സ്വഭാവസർട്ടിഫിക്കറ്റ്, പ്രവേശന സമയത്ത് സമർപ്പിച്ച മറ്റുരേഖ കൾ എന്നിവ സ്കൂൾ അധികൃതർ മടക്കി നൽകണം. പഠിച്ചുകൊണ്ടിരുന്ന വിഷയത്തിൽ തന്നെയാണ് അലോട്മെന്റ് എങ്കിൽ അധികഫീസ് വേണ്ടാ. മറ്റൊരു സ്കൂളിൽ പുതിയ വിഷയത്തിലാണ് പ്രവേശനമെങ്കിൽ ആ വിഷയത്തിന് അധികമായി വേണ്ടിവരുന്ന ഫീസ് നൽകണം.
ആദ്യം ചേർന്ന സ്കൂളിൽ അടച്ച കോഷൻ ഡിപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നിർബന്ധമായും മടക്കി നൽകണമെന്ന് ഹയർസെക്കൻഡറി വകുപ്പ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ട്രാൻസ്‌ഫർ അലോട്മെന്റിലൂടെ ചേരുന്ന സ്കൂളിൽ പിടിഎ ഫണ്ടും കോഷൻ ഡിപ്പോസിറ്റും അടയ്ക്കണം. ട്രാൻസ്‌ഫർ അലോട്‌മെൻ്റിനുശേഷം ബാക്കിവരുന്ന സീറ്റിൽ 30-ന് മെറിറ്റ് അടിസ്ഥാനത്തിൽ തത്സമയ പ്രവേശനം നടത്തും. ഓരോ സ്കൂളിലും മിച്ചമുള്ള സീറ്റിൻ്റെ വിശദാംശം 29-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.